കുവൈറ്റില്‍ 3 മലയാളികള്‍ക്ക് ജീവപര്യന്തം

കുവൈറ്റ് സിറ്റി : ഫിലിപ്പെയ്ന്‍ സ്വദേശിനി കൊല്ലപ്പെട്ട കേസില്‍ കുവൈറ്റില്‍ മൂന്ന് മലയാളികള്‍ക്ക് ജീവപര്യന്തം തടവ്. കോഴിക്കോട് താമരശ്ശേരി സ്വദേശി അജിത് അഗസ്റ്റിന്‍, ഇങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശ്ശേരി സ്വദേശി തുഫൈല്‍ എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.

പരോള്‍ അനുവദിക്കരുതെന്ന പരാമര്‍ശത്തോടെയാണ് കുവൈറ്റ് സുപ്രീം കോടതിയുടെ ശിക്ഷാവിധി. കുവൈറ്റില്‍ ബേക്കറി ജീവനക്കാരായിരുന്നു മൂവരും. 2014 ഫെബ്രുവരിയില്‍ ഫര്‍വാനിയയിലാണ് കേസിന് ആസ്പദമായ സംഭവം.

പാക് സ്‌കൂളിന് സമീപം ബഹുനില കെട്ടിടത്തില്‍ തീപ്പിടുത്തമുണ്ടായി ഫിലിപ്പെയ്ന്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തീപ്പിടുത്തത്തെ തുടര്‍ന്ന് സ്വാഭാവിക മരണമെന്നായിരുന്നു കരുതിയത്.

എന്നാല്‍ യുവതി മൂന്ന് ദിവസം മുന്‍പേ മരണപ്പെട്ടിട്ടുണ്ടെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. കൂടാതെ സംഭവ സ്ഥലത്തുനിന്ന് സിവില്‍ ഐഡിയും ബാങ്ക് കാര്‍ഡും കണ്ടെത്തി. ഇതാണ് മലയാളികളിലേക്ക് അന്വേഷണമെത്തിച്ചത്.

യുവതി പലിശയ്ക്ക് പണം കൊടുക്കാറുണ്ടായിരുന്നു. ഇവരില്‍ നിന്ന് അജിത് പണം വാങ്ങിയിരുന്നു. ഇത് തിരിച്ചടയ്ക്കാതിരിക്കാന്‍ കൊലപാതകം നടത്തിയെന്നും തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്താല്‍ തെളിവ് നശിപ്പിക്കാന്‍ ഫ്‌ളാറ്റിന് തീയിട്ടെന്നുമാണ് കേസ്.

എന്നാല്‍ കൊല നടത്തിയത് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും ഇവരെ കുറ്റവിമുക്തരാക്കി. എന്നാല്‍ കേസ് സുപ്രീം കോടതിയിലെത്തിയപ്പോള്‍ ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here