മൂന്നാം ക്ലാസുകാരന്റെ കൊലപാതകം ; പ്രതിക്ക് ജീവപര്യന്തം

കാസര്‍കോട്: സ്‌കൂളിലേക്ക് പോവുകയായിരുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഫഹദിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. പെരിയ കല്യോട്ട് കണ്ണോത്തെ ഓട്ടോഡ്രൈവര്‍ അബ്ബാസിന്റെയും ആയിഷയുടെയും മകന്‍ മുഹമ്മദ് ഫഹദ് (എട്ട്) കൊല്ലപ്പെട്ട കേസില്‍ കണ്ണോത്ത് വലിയവളപ്പില്‍ വിജയകുമാറി (38)നെയാണ് ശിക്ഷിച്ചത്. ഐ.പി.സി 34, 302 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2015 ജൂലായ് 9ന് രാവിലെയാണ് കല്യോട്ടിന് സമീപത്തെ ചാന്തന്‍മുള്ളില്‍ നാടിനെ നടുക്കിയ അരും കൊല നടന്നത്. കൂട്ടുകാരോടൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്ന ഫഹദിനെ മറ്റുകുട്ടികളെയെല്ലാം ഭയപ്പെടുത്തി ഓടിച്ച ശേഷം വിജയന്‍ കയ്യില്‍ കരുതിയിരുന്ന വലിയ കത്തികൊണ്ട് പിറകില്‍നിന്നും വെട്ടുകയായിരുന്നു.

സംഭവ സ്ഥലത്തുവെച്ചുതന്നെ കുട്ടി ചോരവാര്‍ന്ന് മരിച്ചു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിജയകുമാറിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ഫഹദിന്റെ പിതാവിനോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പ്രേരണയായതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അന്നത്തെ ഹൊസ്ദുര്‍ഗ് സി.ഐയായിരുന്ന യു. പ്രേമനാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പിന്നീട് കേസ് വിചാരണയ്ക്കായി ജില്ലാകോടതിയിലേക്ക് മാറ്റുകയായിരുന്നു. ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന വിജയന് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല. കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിച്ചതിനാല്‍ വിജയന് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here