സൗദി അറേബ്യയില്‍ 4 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായി

റിയാദ് : 6 മാസത്തിനിടെ സൗദി അറേബ്യയുടെ സ്വകാര്യ മേഖലയില്‍ 4 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. ഭരണകൂടം നടപ്പാക്കിയ സ്വദേശിവത്കരണത്തെ തുടര്‍ന്നാണിത്. ഈ കാലയളവില്‍ ഒരു ലക്ഷത്തോളം സ്വദേശി പൗരന്‍മാരാണ് ജോലിയില്‍ പ്രവേശിച്ചത്.

തൊഴില്‍ നഷ്ടപ്പെട്ടവരില്‍ നിരവധി ഇന്ത്യക്കാരുമുണ്ട്. 12 ദശലക്ഷം ( ഒരുകോടി ഇരുപത് ലക്ഷം) വിദേശ തൊഴിലാളികള്‍ സൗദിയില്‍ ഉണ്ടെന്നായിരുന്നു കണക്ക്. ഇതില്‍ 30 ലക്ഷത്തോളമാണ് ഇന്ത്യക്കാര്‍. ഇതില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്.

സൗദി വിവിധ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തൊഴില്‍ നഷ്ടമാകുന്നവരുടെ എണ്ണം ഇനിയും കൂടും. ഏറ്റവും ഒടുവില്‍ മലയാളില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് എട്ട് മേഖലകളില്‍ കൂടി ഉടന്‍ നിതാഖാത് നടപ്പാക്കുകയാണ്.

മീഡിയം ഡ്യൂട്ടി ട്രക്ക് ഡ്രൈവര്‍, കേടായ വാഹനങ്ങള്‍ നീക്കം ചെയ്യുന്ന വിഞ്ച് വാഹനങ്ങളുടെ ഡ്രൈവര്‍ എന്നീ തസ്തികകളില്‍ ഏപ്രില്‍ 17 മുതല്‍ സ്വദേശിവത്കരണം പ്രാബല്യത്തിലാക്കും.

കൂടാതെ തപാല്‍ സേവനം, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ ജൂണ്‍ 15 നകവും നിതാഖാത് നടപ്പാക്കും. സ്വകാര്യ സ്‌കൂളുകളിലെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ മുഴുവന്‍ തസ്തികകളും ഓഗസ്റ്റ് 29 ഓടെ സ്വദേശിവത്കരണം യാഥാര്‍ത്ഥ്യമാക്കും.

ഷോപ്പിങ് മാളുകളില്‍ സെപ്റ്റംബറിലാണ് നിതാഖാത് നടപ്പാക്കുക.അതേസമയം മറ്റ് 12 മേഖലകളില്‍ നേരത്തേ സ്വദേശിവത്കരണം പ്രഖ്യാപിച്ചിട്ടുണ്ട്. 2019 ജനുവരിയോടെ റെഡിമെയ്ഡ് വസ്ത്രക്കടകള്‍,

ഇലക്ട്രോണിക്സ് ഷോറൂമുകള്‍, കണ്ണടവില്‍പ്പന ശാലകള്‍, ഇലക്ട്രോണിക്സ് കടകള്‍ തുടങ്ങി 12 മേഖലകളിലാണ് സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാവുന്നത്. അതേസമയം മാര്‍ച്ച് 19 മുതല്‍ റെന്റ് എ കാര്‍ മേഖലയില്‍ സ്വദേശിവത്കരണം പ്രാബല്യത്തിലായി.

LEAVE A REPLY

Please enter your comment!
Please enter your name here