സൗദിയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ നിയമപരിരക്ഷ

റിയാദ് : സൗദിയില്‍ സര്‍വതലസ്പര്‍ശിയായ വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി വരികയാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്, സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുമതി, അബായ ധരിക്കുന്നതില്‍ ഇളവ് എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ വിവിധ വകുപ്പുകളില്‍ നിയമനം, സ്ത്രീകള്‍ക്ക് പുരുഷ ബന്ധുവിന്റെ അനുമതിയില്ലാതെ സംരംഭങ്ങള്‍ തുടങ്ങാം, തിയേറ്ററുകളില്‍ പ്രവേശിക്കാന്‍ അനുമതി, എന്നിവയുള്‍പ്പെടെ നിര്‍ണ്ണായക തീരുമാനങ്ങള്‍ സാക്ഷാത്കരിച്ച് വരികയുമാണ്.

സ്വദേശി വനിതകള്‍ക്ക് മാത്രമല്ല വിദേശ വനിതകള്‍ക്കും ചില അവകാശങ്ങള്‍ സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. 25 വയസ്സിന് മുകളില്‍ പ്രായമുള്ള വനിതകള്‍ക്ക് തനിച്ച് സൗദി സന്ദര്‍ശിക്കാന്‍ അവസരമുണ്ട്. എന്നാല്‍ ഇതിനെല്ലാം പുറമെ സ്ത്രീകള്‍ക്ക് മറ്റുചില നിയമ പരിരക്ഷ കൂടി സൗദി ഭരണകൂടം ഉറപ്പുവരുത്തുന്നു.

ഭാര്യയുടെ അവകാശങ്ങള്‍ – വിവാഹമോചന കേസുകളില്‍ ഭര്‍ത്താവിനെതിരെ ഭാര്യയ്ക്ക് ജീവനാംശം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കാം. സൗദിയില്‍ കഴിയുന്ന ഏതു രാജ്യക്കാരിക്കും ഏതു മതക്കാരിക്കും ഭര്‍ത്താവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ അവസരമുണ്ട്. ഭര്‍ത്താവ് വിദേശിയാണെങ്കിലും യുവതിക്ക് തുടര്‍ നടപടികള്‍ക്കുള്ള നിയമപരിരക്ഷ നീതി മന്ത്രാലയം ഉറപ്പുവരുത്തും.

വിവാഹ ബന്ധം – യുവതിയുടെ കൈയ്യെഴുത്ത് സമ്മതപത്രമല്ലാതെ മറ്റൊരു വിവാഹ എഗ്രിമെന്റും സ്വീകാര്യമല്ല. സമ്മര്‍ദ്ദങ്ങളില്ലാതെ ഒരു വിവാഹ ബന്ധത്തില്‍ തീരുമാനമെടുക്കാന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും അവകാശവും കല്‍പ്പിക്കുന്ന വ്യവസ്ഥയാണിത്. വിവാഹ ബന്ധത്തില്‍ യുവതി തൃപ്തയല്ലെങ്കില്‍ അവര്‍ക്ക് സ്വമേധയാ വിടുതല്‍ നേടാനും ഭര്‍തൃവീട് വിടാനും അവകാശമുണ്ടായിരിക്കും. കുട്ടികളെ ഒപ്പം കൂട്ടാനുള്ള നിയമ പരിരക്ഷയുമുണ്ട്.

വനിതാ സേവനങ്ങള്‍ –നീതിമന്ത്രാലയത്തിലെ വനിതാ സൗഹൃദ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം. ഇതിനായി മുഴുവന്‍ ഓഫീസുകളിലും വനിതകളുടെ സേവനം ലഭ്യമാണ്. സൗജന്യ കണ്‍സള്‍ട്ടേഷനടക്കം ഇവിടങ്ങളില്‍ ലഭിക്കും.

വേഗത്തില്‍ നടപടികള്‍ – സ്ത്രീകളുടെ പരാതികളില്‍ ഏറ്റവും വേഗം നിയമ നടപടികള്‍ പൂര്‍ത്തീകരിക്കും. എത്രയും പെട്ടെന്ന് നീതി നേടിയെടുക്കാനുള്ള നിയമ പരിരക്ഷ മന്ത്രാലയം ഉറപ്പുവരുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here