മൂത്തമകന്‍ ആദ്യം അച്ഛനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി; തുടര്‍ന്ന് സമാന രീതിയില്‍ സഹോദരങ്ങളെയും

തെലങ്കാന : മൂത്തമകന്‍ അച്ഛനെയും രണ്ട് സഹോദരന്‍മാരെയും ക്രൂരമായി കൊലപ്പെടുത്തി.  തെലങ്കാനയിലെ അച്ചമ്പേട്ട് എന്ന സ്ഥലത്താണ് നടുക്കുന്ന സംഭവം. പിതാവ് ഭാസ്‌കരയ്യ, സഹോദരന്‍മാരായ ശ്രീശൈലം, രാമസ്വാമി എന്നിവരെയാണ് മല്ലയ്യയെന്നയാള്‍ കുത്തിക്കൊല പ്പെടുത്തിയത്. സ്വത്ത് വിഭജനം സംബന്ധിച്ച തര്‍ക്കമാണ് കൂട്ടക്കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഭാസ്‌കരയ്യയുടെ പേരില്‍ 2.5 ഏക്കര്‍ ഭൂമിയുണ്ട്. അദ്ദേഹം അത് മൂന്ന് തുല്യ ഭാഗങ്ങളായി മക്കള്‍ക്ക് വിഭജിച്ച് നല്‍കാന്‍ തീരുമാനിച്ചു.ഇതുസംബന്ധിച്ച് മക്കളോട് സംസാരിക്കുകയും ചെയ്തു. എന്നാല്‍ മൂത്തമകനായ മല്ലയ്യ പിതാവുമായി വഴക്കിട്ടു.താന്‍ മൂത്ത മകനായതിനാല്‍ കൂടുതല്‍ സ്വത്തുക്കള്‍ തനിക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു ഇയാളുടെ വാദം.എന്നാല്‍ പിതാവും മറ്റ് സഹോദരങ്ങളും ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. സ്വത്ത് എല്ലാവര്‍ക്കും തുല്യമായി വീതിക്കാമെന്നായിരുന്നു പിതാവിന്റെയും ഇളയ സഹോദരന്‍മാരുടെയും നിലപാട്.എന്നാല്‍ മല്ലയ്യ ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. കഴിഞ്ഞ ദിവസം രാത്രിയില്‍ മല്ലയ്യ അച്ഛന്‍ ഭാസ്‌കരയ്യയെ ഫോണില്‍ വിളിച്ച് തര്‍ക്കത്തിലുള്ള സ്ഥലത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. സംസാരിച്ച് വിഷയം തീര്‍ക്കാമെന്ന് പറഞ്ഞാണ് ഭാസ്‌കരയ്യയെ വിളിച്ചുവരുത്തിയത്.ഈ സമയം ഭാസ്‌കരയ്യയുടെ ഭാര്യ ബന്ധുവീട്ടിലായിരുന്നു. പിതാവെത്തിയതും മല്ലയ്യ കത്തിയെടുത്ത് ഇയാളെ കുത്തിക്കൊലപ്പെടുത്തി. തുടര്‍ന്ന് അടുത്തതായി സഹോദരന്‍ ശ്രീശൈലത്തെ ബന്ധപ്പെട്ട് അവിടേക്ക് എത്താന്‍ ആവശ്യപ്പെട്ടു.ഇയാളെയും സമാന രീതിയില്‍ കൊലപ്പെടുത്തി. തുടര്‍ന്ന് രാമസ്വാമിയെ വിളിച്ച് വരാന്‍ നിര്‍ദേശിച്ചു. അയാളെയും മല്ലയ്യ വകവരുത്തി. തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.ഞായറാഴ്ച പുലര്‍ച്ചെ അതുവഴി വന്ന കര്‍ഷകരാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് ഭാസ്‌കരയ്യയുടെ ഭാര്യയെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.ശേഷം പൊലീസ് മല്ലയ്യയ്ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി. ഒടുവില്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ പിടിയിലായി.

LEAVE A REPLY

Please enter your comment!
Please enter your name here