യോഗിയുടെ വീടിന് മുന്നില്‍ ആത്മഹത്യാ ശ്രമം

ലഖ്‌നൗ :തന്നെ ബലാത്സംഗം ചെയ്ത എംഎല്‍എക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവതി മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ലഖ്‌നൗവിലെ ഔദ്യോഗിക വസതിക്ക് മുന്നില്‍ വെച്ചായിരുന്നു യുവതിയുടെ ആത്മഹത്യ ശ്രമം. കുടുംബത്തോടൊപ്പം മുഖ്യമന്ത്രിയുടെ വീട്ടില്‍ എത്തിയായിരുന്നു യുവതിയുടെ ഈ പ്രവൃത്തി.

ദേഹത്ത് മുഴുവന്‍ എണ്ണയൊഴിച്ചതിന് ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിയേയും കുടുംബത്തേയും പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. ശേഷം പൊലീസ് സ്റ്റേഷനില്‍ വെച്ചും യുവതി ആത്മഹത്യക്ക് ശ്രമിച്ചു. കുല്‍ദീപ് സിങ് സെങ്കര്‍ എന്ന ബിജെപി എംഎല്‍എക്കും കൂട്ടാളികള്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാണ് യുവതിയുടെയും കുടുംബത്തിന്റെയും ആവശ്യം. ഒരു വര്‍ഷം മുന്‍പ് കുല്‍ദീപ് സിങ് സെങ്കറും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം.

ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിനും മുഖ്യമന്ത്രിക്കും പരാതി അയച്ചിരുന്നു. എന്നാല്‍ കേസില്‍ നടപടിയൊന്നുമുണ്ടായില്ലെന്നും യുവതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം ആരോപണങ്ങളെ തള്ളി വിവാദ എംഎല്‍എ രംഗത്തെത്തി. കഴിഞ്ഞ 10 വര്‍ഷത്തിലധികമായുള്ള ചില കുടുംബ പ്രശ്‌നങ്ങളാണ് ഇത്തരമൊരു ആരോപണത്തിലേക്ക് വഴി തെളിച്ചതെന്ന് കുല്‍ദീപ് സിങ് വെളിപ്പെടുത്തി.

യുവതിയുടെ കുടുംബം കാരണം ഒരു കേസില്‍ ബലിയാടുകളാകേണ്ടി വന്ന രണ്ട് നിരപരാധികളെ താന്‍ ഒരു കേസില്‍ നിന്നും രക്ഷിച്ചതിന്റെ പക കാരണമാണ് ഇത്തരത്തിലൊരു നാടകവുമായി ഇവര്‍ രംഗത്ത് വന്നിട്ടുള്ളതെന്നും എംഎല്‍എ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി പൊലീസ് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുല്‍ദീപ് സിങ് ആവശ്യപ്പെട്ടു.

കടപ്പാട് :ANI

LEAVE A REPLY

Please enter your comment!
Please enter your name here