ആയിരക്കണക്കിന് പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു; വിവരങ്ങള്‍ 500 രൂപയ്ക്ക് വില്‍പ്പനയ്ക്ക്

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും യാതൊരുവിധത്തിലുള്ള ചോര്‍ച്ചകളും സംഭവിക്കില്ലെന്നും സര്‍ക്കാര്‍ രാജ്യത്തിന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വെറും 500 രൂപ കൊടുത്താല്‍ രാജ്യത്ത് ആരുടെ ആധാര്‍ വിവരങ്ങളും ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ദ ട്രിബ്യൂണ്‍ പത്രമാണ് ഇത്തരത്തിലൊരു വാര്‍ത്തയുമായി രംഗത്തെത്തിയത്. ഓണ്‍ലൈന്‍ ഇടപാട് വഴി അജ്ഞാതരായ കച്ചവടക്കാരില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ വാങ്ങാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്ന് ദി ട്രിബ്യൂണ്‍ പറയുന്നു. ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ കണ്ട നമ്പര്‍ വഴിയാണ് പത്രത്തിന്റെ ലേഖിക തട്ടിപ്പ് സംഘവുമായി ബന്ധപ്പെടുന്നത്. അനാമിക എന്ന് പേര് കൊടുത്തു. ഫോണ്‍ നമ്പരും മെയില്‍ ഐഡിയും നല്‍കി. 500 രൂപ പറഞ്ഞ അക്കൗണ്ടിലേക്കും അടച്ചു. 10 മിനുട്ടിനകം ലേഖികയെ ഒരു ആധാര്‍ എന്റോള്‍മെന്റ് അഡ്മിനിസ്‌ട്രേറ്റര്‍ ആക്കിക്കൊണ്ടുള്ള മെയില്‍ ലഭിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ക്കുള്ള യൂസര്‍ ഐഡിയും പാസ്‌വേഡും പിന്നാലെയെത്തി. അതോടെ ഇന്ത്യയില്‍ ആധാര്‍ എടുക്കാനായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ലഭ്യമായതായും ഇവര്‍ പറയുന്നു. 300 രൂപ കൂടി കൊടുത്തപ്പോള്‍ ഈ വിവരങ്ങളെല്ലാം പ്രിന്റ് ചെയ്യാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ് വെയറും ഇവര്‍ നല്‍കിയതായി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഇന്ത്യയില്‍ ആരുടെ പേരിലുള്ള ആധാര്‍ കാര്‍ഡ് അച്ചടിയ്ക്കാനും ലേഖികയ്ക്ക് കഴിയുമെന്ന സ്ഥിതിയായെന്നും ഇവര്‍ പറയുന്നു. ഉപയോക്താക്കളുടെ പേര്, വിലാസം, പോസ്റ്റല്‍ കോഡ്, ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ലഭിക്കുക. യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയെ ഇക്കാര്യം അറിയിച്ചപ്പോള്‍ അവര്‍ ഞെട്ടിയെന്നും ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായതായി സമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് മാസക്കാലമായി ഈ അജ്ഞാത സംഘം പ്രവര്‍ത്തിക്കുന്നുവെന്നാണ് പത്രത്തിന്റെ അനുമാനം. രാജസ്ഥാന്‍ സര്‍ക്കാരിന്റെ സൈറ്റിലൂടെയാണ് ആധാര്‍ വിവരങ്ങളിലേക്ക് കടന്നുകയറാന്‍ തട്ടിപ്പ് സംഘം ലേഖികയ്ക്ക് അവസരം ഒരുക്കിക്കൊടുത്തത്. എന്നാല്‍ ഇതു രാജസ്ഥാന്റെത് തന്നെയാണോ അതോ അന്വേഷണം വഴിമാറ്റി വിട്ട് കബളിപ്പിക്കാനായി നല്‍കിയിരിക്കുന്ന വിവരമാണോ എന്നും പത്രം സംശയിക്കുന്നു. അതേസമയം രാജസ്ഥാന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റും ഹാക്കര്‍മാര്‍ കയ്യടക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തായാലും സംഭവത്തില്‍ യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി അന്വേഷണം ആരംഭിച്ചതായും ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here