കോട്ടൂരിനും സെഫിയ്ക്കും കൊലക്കുറ്റം

തിരുവനന്തപുരം : പ്രമാദമായ സിസ്റ്റര്‍ അഭയ കേസില്‍ ഫാ ജോസ് പുതൃക്കയിലിനെ കോടതി കുറ്റവിമുക്തനാക്കി. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് നടപടി. അതേസമയം ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടു.

ഇവര്‍ക്കെതിരായ തെളിവുകള്‍ കോടതി സ്വീകരിച്ചു. പ്രതികളുടെ വിടുതല്‍ ഹര്‍ജിയിലാണ് കോടതി വിധി. 7 വര്‍ഷം മുന്‍പാണ് ഫാദര്‍ പുതൃക്കയില്‍, ഫാദര്‍ കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ നേരത്തേ വിധി പറയുന്നത് രണ്ട് തവണ മാറ്റുകയായിരുന്നു.

തോമസ് കോട്ടൂര്‍, സെഫി എന്നിവര്‍ക്കെതിരെ കൊലപാതകം തെളിവ് നശിപ്പിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് സിബിഐ ചുമത്തിയിരിക്കുന്നത്. 2008 ലാണ് സാഹചര്യത്തെളിവുകളുടെയും നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍ സെഫി എന്നിവരെ അറസ്റ്റ് ചെയ്യുന്നത്.

തുടര്‍ന്ന് ഒന്നരമാസം റിമാന്‍ഡില്‍ കഴിഞ്ഞ ഇവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ ആറുമാസത്തിനിപ്പുറം സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഇതോടെയാണ് കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് മൂവരും വിടുതല്‍ ഹര്‍ജി നല്‍കിയത്.

എന്നാല്‍ സാഹചര്യത്തെളിവുകള്‍ പ്രതികള്‍ക്കെതിരാണെന്നും വിചാരണാഘട്ടത്തില്‍ കൂടുതല്‍ തെൡവുകള്‍ ലഭിക്കുമെന്നും സിബിഐ വാദിച്ചു. തുടര്‍ന്ന് ഹര്‍ജിയിലെ വാദം നീണ്ടുപോയതിന് പ്രതിഭാഗത്തെ രൂക്ഷമായി വിമര്‍ശിച്ച് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.

1992 മാര്‍ച്ച് 27 ന് രാവിലെയാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് വളപ്പിലെ കിണറ്റിലാണ് അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സര്‍ക്കാര്‍ പിന്നീട് സിബിഐക്ക് വിടുകയായിരുന്നു.

93 ല്‍ സിബിഐ അന്വേഷണം ഏറ്റെടുത്തു. 2009 ജൂലൈ 17 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് 2011 ല്‍ പ്രതികള്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിക്കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here