പാമ്പുകടിയേറ്റ് നടി മരിച്ചു

കൊല്‍ക്കത്ത: പാമ്പുകടിയേറ്റ് നടി മരിച്ചു. ബംഗാള്‍ കലാരൂപമായ ജത്ര അവതരിപ്പിക്കുന്നതിനിടെ കാളിദാസി മൊണ്ഡല്‍(63) എന്ന നടിയാണ് മരിച്ചത്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബറുണ്‍ഹാതിലാണു സംഭവം. പരിപാടി അവതരിപ്പിക്കുന്നതിനിടെ കൈയില്‍ പിടിച്ചിരുന്ന പാമ്പ് കാളിദാസിയെ ആക്രമിച്ചതാണ് അപകടകാരണം.

നടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നടിയെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിന് മുമ്പ് പാമ്പിന്റെ വിഷമിറക്കുന്നതിനായി സഹനടി ദുര്‍മന്ത്രവാദം നടത്തിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. പരാതി ലഭിച്ചില്ലെങ്കിലും വിഷയം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

നടിയെ ആശുപത്രിയിലേക്കെത്തിക്കുമ്പോള്‍ സംഭവം നടന്നിട്ട് ഏകദേശം നാല് മണിക്കൂര്‍ കഴിഞ്ഞിരുന്നെന്നും പൊലീസ് പറഞ്ഞു. സഹഅഭിനേതാക്കളെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും പരാതിയൊന്നും ലഭിക്കാത്തതിനാല്‍ അറസ്റ്റ് പോലുള്ള നടപടികള്‍ ഉണ്ടാകില്ലെന്നും പൊലീസ് അറിയിച്ചു.

പാമ്പുകളെ ഉപയോഗിച്ചുള്ള ഇത്തരം പരിപാടികള്‍ നിയമവിരുദ്ധമായതിനാലാണ് നേരിട്ട് ആശുപത്രിയിലേക്കെത്തിക്കാതെ ദുര്‍മന്ത്രവാദിയെയും മറ്റും വിളിച്ചുവരുത്തിയതെന്നും സമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നും സംസ്ഥാന വനംവകുപ്പ് മന്ത്രി ബിനോയ് ബര്‍മാന്‍ പറഞ്ഞു.

സാധാരണയായി ഇവര്‍ വേദിയില്‍ അവതരിപ്പിക്കാന്‍ പ്ലാസ്റ്റിക്ക് പാമ്പുകളെയാണ് തിരഞ്ഞെടുക്കാറ്. എന്നാല്‍ ഇത്തവണ യഥാര്‍ത്ഥ പാമ്പിനെ ഉപയോഗിച്ചു കലാരൂപം അവതരിപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here