ബോണി കപൂര്‍ പൊട്ടിക്കരഞ്ഞു

ദുബൈ: നടി ശ്രീദേവിയുടെ മരണം കപൂര്‍ കുടുംബത്തിന് മാത്രമല്ല സഹതാരങ്ങള്‍ക്കും വലിയ ഞെട്ടലാണുണ്ടാക്കിയത്. ശ്രീദേവിയുടെ മരണം തന്നെ മാത്രമല്ല ലോകത്തെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയെന്നാണ് മോം സിനിമയിലെ അദ്‌നാന്‍ സിദ്ദിഖി പറഞ്ഞത്. അതേസമയം ശ്രീദേവിയുടെ മരണവാര്‍ത്തയെക്കുറിച്ച് അറിഞ്ഞപ്പോള്‍ കൊച്ചുകുഞ്ഞിനെപ്പോലെ ബോണി കപൂര്‍ പൊട്ടിക്കരയുകയായിരുന്നുവെന്നും അദ്‌നാന്‍ പറഞ്ഞു.

അദ്‌നാന്‍ സിദ്ദിഖി ബോണി കപൂറിനൊപ്പം ദുബായിലാണ് ഉള്ളത്. ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തില്‍ നിന്നും അദ്ദേഹം ഇതുവരെ മോചിതനായിട്ടില്ലെന്നും അദ്‌നാന്‍ പറയുന്നു. ലോകം മുഴുവന്‍ ദുഃഖത്തിലാണ്. പാക്കിസ്ഥാനിലെ ജനങ്ങളും ദുഃഖിതരാണ്. പാക്കിസ്ഥാന്‍, അമേരിക്ക, യുകെ തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുളളവര്‍ അനുശോചനം അറിയിച്ച് സന്ദേശം അയക്കുകയാണെന്നും അദ്‌നാന്‍ പറഞ്ഞു.

മോഹിതിന്റെ വിവാഹ ചടങ്ങില്‍ അതീവ സുന്ദരിയായി എത്തിയ ശ്രീദേവി ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അദ്‌നാന്‍ പറയുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി താന്‍ വൈകിയാണ് എത്തിയത്. തന്റെ ഫ്‌ളൈറ്റ് ലേറ്റായിരുന്നു. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും തന്നെ പരിചയപ്പെടുത്തുമ്പോള്‍ നിങ്ങള്‍ വല്ലാതെ വൈകിയെന്നായിരുന്നു ശ്രീദേവി പറഞ്ഞത്. ആ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന ആഗ്രഹമുണ്ട്. എന്നാല്‍ ഇന്ത്യയിലേക്കുള്ള വരവ് അത്ര എളുപ്പമല്ലാത്തതിനാല്‍ അതിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ശ്രീദേവിയുടെ മരണ വാര്‍ത്ത ഹൃദയം പിളര്‍ത്തുന്നതായിരുന്നുവെന്നാണ് മോം സിനിമയില്‍ ശ്രീദേവിയുടെ മകളായി അഭിനയിച്ച സജല്‍ അലി പറഞ്ഞത്. എന്റെ അമ്മയെ എനിക്ക് വീണ്ടും നഷ്ടമായെന്നാണ് സജല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

LEAVE A REPLY

Please enter your comment!
Please enter your name here