ഏപ്രില്‍ ഫൂള്‍ ദിനത്തിലെ അമൂല്യ സമ്മാനം

സിംഗ്ച്യന്‍ :24 വര്‍ഷം മുന്‍പ് കാണാതായ മകളെ പിതാവിന് തിരിച്ച് കിട്ടിയത് ഏപ്രീല്‍ ഫൂള്‍ ദിനത്തില്‍. അതുകൊണ്ട് തന്നെ ലോകം മുഴുവന്‍ വിഡ്ഢി ദിനമെന്ന് വിളിച്ച് കളിയാക്കുമ്പോഴും ഏപ്രില്‍ ഒന്നാം തീയ്യതി ഇദ്ദേഹത്തിന് സന്തോഷത്തിന്റെ ദിനമാണ്. ചെനയിലെ ദക്ഷിണകിഴക്കന്‍ പ്രദേശത്തുള്ള സിംഗ്ച്യന്‍ പ്രവിശ്യയില്‍ താമസിക്കുന്ന വാങ് മിങ്ക്വങ് എന്ന ടാക്‌സി ഡ്രൈവര്‍ക്കും ഭാര്യക്കുമാണ് തന്റെ മകളെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്താനായത്.

1994 ല്‍ വീടിന് സമീപത്ത് ഒരു പഴക്കട നടത്തി വരികെയാണ് മകളെ ഇവര്‍ക്ക് നഷ്ടമായത്. കടയില്‍ തിരക്ക് പിടിച്ച കച്ചവടത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു വാങും ഭാര്യയും. അതിനിടയില്‍ മുന്‍പിലെ റോഡില്‍ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന മകളെ ശ്രദ്ധിക്കാന്‍ സമയം കിട്ടിയില്ല. തങ്ങളുടെ മകള്‍ തിരിക്കിനിടയില്‍ നഷ്ടപ്പെട്ട് പോയെന്ന കാര്യം പിന്നീടാണ് വാങിനും ഭാര്യക്കും മനസ്സിലായത്. അവര്‍ നിരത്തില്‍ മുഴുവന്‍ അലഞ്ഞ് പലരോടും അന്വേഷിച്ചെങ്കിലും മകളെ കുറിച്ച് യാതോരു വിധ വിവരങ്ങളും ലഭിച്ചില്ല.

തുടര്‍ന്നിങ്ങോട്ട് ഓരോ ദിവസങ്ങളിലും തന്റെ മകളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു വാങ്. പഴങ്ങളുടെ കച്ചവടം ഉപേക്ഷിച്ച് വാങ് ഇതിനിടയില്‍ ചൈനയില്‍ ഒരു വന്‍ ടാക്‌സി സര്‍വ്വീസ് കമ്പനിയില്‍ ജോലിയും സ്വന്തമാക്കി. ഇതുവഴി ചൈനയിലെ എല്ലാ സ്ഥലത്തും കറങ്ങി തന്റെ മകളെ അന്വേഷിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. മകളെ കാണാതാകുമ്പോഴുള്ള ചിത്രമടക്കം തന്റെ വിലാസവുമുള്ള ഒരു കാര്‍ഡും വാങ് ഓരോ യാത്രക്കാരനും നല്‍കുമായിരുന്നു.

എവിടെ വെച്ചെങ്കിലും തന്റെ മകളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുകയാണെങ്കില്‍ അറിയിക്കണമെന്നും ഓരോരുത്തരോടും വാങ് അഭ്യര്‍ത്ഥിച്ചു. സമൂഹ മാധ്യമമായ വി ചാറ്റിലുള്ള നമ്പറും അദ്ദേഹം യാത്രക്കാര്‍ക്ക് നല്‍കി. വിവിധ ടിവി ചാനലുകളും ഇദ്ദേഹത്തിന്റെ ഈ ശ്രമത്തിന് ഒപ്പം ചേര്‍ന്നു.

4000 ത്തിലധികം പെണ്‍കുട്ടികളുടെ വിവരങ്ങള്‍ വാങിനെ തേടിയെത്തി. ചൈനയില്‍ കുട്ടികളെ കടത്തി കൊണ്ടു പോയി മറ്റുള്ളവര്‍ക്ക് വളര്‍ത്താനായി വില്‍പ്പന നടത്തുന്ന സംഘം പണ്ടു കാലത്ത് വ്യാപകമായിരുന്നു. ഇത്തരത്തില്‍ കുട്ടിക്കാലത്ത് മറ്റൊരു മാതാപിതാക്കളുടെ കൈവശമെത്തിയ കാങ് യിങ് എന്ന പെണ്‍കുട്ടി ഈ വാര്‍ത്ത കാണാനിടയായി.

സംശയം തോന്നിയ കാങ് യിങ് ഇവര്‍ക്കടുത്തെത്തി. തുടര്‍ന്ന് ഈ പെണ്‍കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിനെ തുടര്‍ന്ന് ഈ യുവതി വാങ് ദമ്പതികളുടെ മകളാണെന്ന് ബോധ്യമായി. ഏപ്രില്‍ ഒന്നാം തീയതിയാണ് കാങ് തങ്ങളുടെ മകളാണെന്ന് അറിയിച്ച് കൊണ്ടുള്ള ഡിഎന്‍എ പരിശോധനാ ഫലം ദമ്പതികള്‍ക്ക് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here