കോടികള്‍ വിലയുള്ള ബംഗ്ലാവില്‍ നിന്നും മായാവതിയുടെ പടിയിറക്കം

ലഖ്‌നൗ : ഒരു കാലത്ത് ദേശീയ രാഷ്ട്രീയത്തിലടക്കം ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ച തന്റെ ഇഷ്ട ഭവനത്തെ വേദനയോടെ വിട ചൊല്ലാനൊരുങ്ങി ബിഎസ്പി നേതാവ് മായാവതി.  86 കോടിയിലധികം രൂപ വില വരുന്ന തന്റെ ബംഗ്ലാവില്‍ നിന്നും മറ്റു വഴികളില്ലാതെ ഒഴിഞ്ഞു പോകുവാന്‍ നിര്‍ബന്ധിതയായിരിക്കുകയാണ് ഈ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി. സര്‍ക്കാര്‍ വസതിയായ 13 എ മാള്‍ അവന്യൂവില്‍ നിന്നാണ് മായാവതി പടിയിറങ്ങുന്നത്. ഇനി 15 കോടി രൂപയുടെ ‘9 മാള്‍ അവന്യൂവിലാണ്’ മായവതി താമസിക്കുക.  മുന്‍ മുഖ്യമന്ത്രിമാര്‍ തങ്ങളുടെ സര്‍ക്കാര്‍ വസതികള്‍ വിട്ടു നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് മായാവതിയുടെ ഈ നടപടി. ’13 എ മാള്‍ അവന്യൂ’ എന്നറിയപ്പെടുന്ന സര്‍ക്കാര്‍ വസതിയിലാണ് മായവതി ഇത്ര നാളും താമസിച്ചിരുന്നത്. ഇതിനടുത്ത് തന്നെയായിരുന്നു ബിഎസ്പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസും.

2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ 86 കോടി രൂപയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് മായാവതി ’13 എ മാള്‍ അവന്യൂ’വില്‍ നടത്തിയത്. ഈ അധികാര ധൂര്‍ത്ത് സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ തലത്തിലും ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. അധികാരം തന്നെ നഷ്ടപ്പെട്ടിട്ടും ഈ ഇഷ്ട ഭവനത്തില്‍ നിന്നും ഇറങ്ങാന്‍ മായാവതി കൂട്ടാക്കിയില്ല. എല്ലാത്തിനുമൊടുവില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മായവതിക്ക് ഈ ഭവനത്തില്‍ നിന്നും ഒഴിയേണ്ടി വരികയാണ്.

ഈ വസതിയില്‍ നിന്നും ഗൃഹോപകരണങ്ങള്‍ തന്റെ സ്വന്തം ബംഗ്ലാവിലേക്ക് മാറ്റുവാന്‍ മായാവതി അനുചാരകന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. നിലവിലെ വസതിക്ക് സമീപം തന്നെയാണ് 71,000 ചതുരശ്ര കിലോ മീറ്റര്‍ വ്യാപിച്ച് കിടക്കുന്ന ഈ ബംഗ്ലാവും. 2007 ല്‍ വന്‍ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് മായാവതിയുടെ നേതൃത്വത്തില്‍ ബിഎസ്പി അധികാരത്തില്‍ വന്നിരുന്നു. ഇതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2010 ലാണ് മായാവതി ഈ ഭവനം സ്വന്തമാക്കുന്നത്.

2012 ലെ തിരഞ്ഞെടുപ്പിനായി മായാവതി കാണിച്ച സ്വത്തുക്കളുടെ കണക്കനുസരിച്ച് 15 കോടി രൂപയാണ് ഈ ബംഗ്ലാവിന്റെ വില. ഡല്‍ഹിയിലെ 23,24 എസ് പി മാര്‍ഗ്ഗില്‍ 43,000 ചതുരശ്ര അടി വീതിയുള്ള മറ്റൊരു ഭവനം കൂടി മായാവതിക്ക് സ്വന്തമായുണ്ട്. എസ്റ്റേറ്റ് വകുപ്പ് ഒഴിപ്പിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് മായാവതി ’13 എ മാള്‍ അവന്യൂ’വിലെ സര്‍ക്കാര്‍ വസതി ഒഴിയാന്‍ നിര്‍ബന്ധിതയായത്. മായാവതിയെ കൂടാതെ ഉത്തര്‍പ്രദേശിലെ മുന്‍ മുഖ്യമന്ത്രിമാരായ മുലായം സിങ് യാദവും, രാജ്‌നാഥ് സിങും തങ്ങളുടെ സര്‍ക്കാര്‍ വസതികള്‍ ഒഴിഞ്ഞു കൊടുക്കാനുള്ള നീക്കങ്ങളിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here