സുഷമാ സ്വരാജ് സഞ്ചരിച്ച വിമാനത്തിന്റെ വിനിമയബന്ധം നഷ്ടമായി

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി മൗറീഷ്യസിലേക്കുപോയ വ്യോമസേനാ വിമാനവുമായുള്ള ബന്ധം 14 മിനുട്ട് നേരത്തേക്ക് എയര്‍ ട്രാഫിക് കണ്‍ട്രോളിന് നഷ്ടമായി. എയര്‍പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു. ശനിയാഴ്ച ഉച്ച കഴിഞ്ഞാണു സംഭവം.

5 ദിവസത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പുറപ്പെട്ട സുഷമ സ്വരാജുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന വിവിഐപി വിമാനം ‘മേഘ്ദൂതി’നാണു ബന്ധം നഷ്ടമായത്. വിമാനം മൗറീഷ്യസിന്റെ വ്യോമ പരിധിയിലേക്കു പ്രവേശിച്ചതിനു പിന്നാലെയായിരുന്നു ഇത്. ഇക്കാര്യം എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു.

സാധാരണ ഗതിയില്‍ വിനിമയ ബന്ധം നഷ്ടമായാലും 30 മിനിട്ട് നേരം കഴിഞ്ഞ ശേഷമായിരിക്കും എമര്‍ജന്‍സി കോഡ് ആക്ടിവേറ്റ് ചെയ്യുക. എന്നാല്‍ സുഷമാ സ്വരാജ് സഞ്ചരിക്കുന്ന വിമാനമായതിനാല്‍ അതിവേഗം ഇത് ആക്ടിവേറ്റ് ചെയ്യുകയായിരുന്നു. വിഐപി യാത്രക്കാരിയുമായാണ് ഇന്ത്യന്‍ വ്യോമസേന വിമാനം സഞ്ചരിക്കുന്നത് എന്നതിനാലാണ് സമയപരിധിക്ക് മുമ്പ് മൗറീഷ്യസ് എയര്‍ട്രാഫിക് കണ്‍ട്രോള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചതെന്ന്എഎഐ അറിയിച്ചു.

എന്നാല്‍ മൗറീഷ്യസ് എന്ന ചെറുദ്വീപിലെ വ്യോമാതിര്‍ത്തിയില്‍ വച്ച് എങ്ങനെയാണ് വിമാനവുമായുളള വിനിമയ ബന്ധം നഷ്ടമായതെന്ന് എ എ ഐ വിശദീകരിക്കുന്നില്ല. തിരുവനന്തപുരത്ത് നിന്നും 2.08 മണിക്കാണ് വിമാനം മൗറീഷ്യസിലേയ്ക്ക് പുറപ്പെട്ടത്. ഇന്ത്യന്‍ വ്യോമയാന അതിര്‍ത്തി കഴിഞ്ഞ് മാലെ എയര്‍ട്രാഫിക് കണ്‍ട്രോളുമായി ബന്ധമുണ്ടായിരുന്നു.

ഇന്ത്യന്‍ സമയം വൈകുന്നേരം 4.44 വരെ മാലെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ഈ വിനിമയ ബന്ധം നിലനിന്നിരുന്നു. എന്നാല്‍ മൗറീഷ്യസ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പരിധിയിലേയ്ക്ക് കടന്ന സമയത്താണ് പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ടാണ് വിനിമയ ബന്ധം നഷ്ടമാകുന്നത്. എന്തൊക്കെയാണെങ്കിലും വൈകുന്നരേം 4.44 ന് വിനിമയ ബന്ധം നഷ്ടമായ വിമാനവുമായി പതിനാല് മിനിട്ട് പിന്നിട്ട് കഴിഞ്ഞ് 4.58 ഓടെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി വീണ്ടും വിനിമയ ബന്ധം പുനഃസ്ഥാപിക്കാന്‍സാധിച്ചു. ബ്രിക്‌സ്, ഇന്ത്യ ബ്രസീല്‍ ദക്ഷിണാഫ്രിക്ക മന്ത്രിതല യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് കേന്ദ്രമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക് പോയത്. ഡല്‍ഹി തിരുവനന്തപുരം മൗറീഷ്യസ് വഴി ആയിരുന്നു കേന്ദ്രമന്ത്രിയുടെ യാത്ര.

LEAVE A REPLY

Please enter your comment!
Please enter your name here