പണം മോഷ്ടിച്ച ജീവനക്കാരിക്ക് കടുത്ത ശിക്ഷ

ഷാര്‍ജാ :വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരിയുടെ പണം കൊള്ളയടിച്ച എയര്‍പോര്‍ട്ട് ജീവനക്കാരിക്ക് കടുത്ത ശിക്ഷ നല്‍കി ഷാര്‍ജാ ക്രിമിനല്‍ കോടതി. 30 വയസ്സുകാരിയായ യുവതിക്ക് ആറു മാസം കഠിന തടവും ഇതിന് ശേഷം സ്വന്തം നാട്ടിലേക്ക് നാടു കടത്താനും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 13 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവിനൊപ്പം സ്വന്തം നാട്ടിലേക്ക് യാത്ര തിരിക്കാനായി ഷാര്‍ജാ വിമാനത്താവളത്തിലെത്തിയ യുഎസ് വനിതയുടെ പണമായിരുന്നു നഷ്ടപ്പെട്ടത്. വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ഇവരുടെ കയ്യില്‍ 5000 ഡോളര്‍ ഉണ്ടായിരുന്നു. വിമാനത്താവളത്തില്‍ വെച്ച് ഈ ജീവനക്കാരിയാണ് ഇവരുടെ ബാഗ് പരിശോധിച്ചത്.

വിമാനത്തില്‍ കയറി അല്‍പ്പ സമയത്തിനകം ബാഗ് പരിശോധിച്ചപ്പോള്‍ 1,300 ഡോളര്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്നാണ് ദമ്പതികള്‍ എയര്‍പോര്‍ട്ട് ജീവനക്കാരിക്കെതിരെ ആരോപണം ഉന്നയിച്ചത്. മോഷണം നടന്നതിന്റെ പിറ്റേ ദിവസം വിമാനത്താവളത്തിലെ മണി എക്‌സ്‌ചേഞ്ച് കേന്ദ്രത്തിലെത്തി ഈ ജീവനക്കാരി ഡോളര്‍ കൈമാറ്റം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ഇതാണ് കേസില്‍ നിര്‍ണ്ണായക തെളിവായത്. തുടര്‍ന്നാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here