സ്വകാര്യസംഭാഷണം റെക്കോര്‍ഡ് ചെയ്ത് ആമസോണ്‍ എക്കോ

ന്യൂയോര്‍ക്ക്: ദമ്പതിമാരുടെ സ്വകാര്യസംഭാഷണം റെക്കോര്‍ഡ് ചെയ്ത് മറ്റൊരാള്‍ക്ക് അയച്ച സംഭവത്തില്‍ ആമസോണിന്റെ സ്മാര്‍ട് സ്പീക്കര്‍ എക്കോ വിവാദത്തില്‍പ്പെട്ടു. ശബ്ദ നിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം ഉടമസ്ഥരറിയാതെ അവരുടെ സംഭാഷണം രഹസ്യമായി റെക്കോഡ് ചെയ്ത് മറ്റൊരാള്‍ക്ക് അയച്ചു എന്നതാണ് ഇതിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.

അമേരിക്കയിലെ ഒറീഗണിലെ പോര്‍ട്ട്‌ലാന്റ് സ്വദേശികളാണ് പരാതിയുമായി രംഗത്തെത്തിയത്. ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനാണ് ശബ്ദസന്ദേശം പോയത്. ഉടന്‍ തന്നെ അദ്ദേഹം ദമ്പതിമാരെ വിളിക്കുകയും വിവരം അറിയിക്കുകയും ഒപ്പം സ്പീക്കര്‍ ഓഫാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

തുടര്‍ന്ന് ആമസോണുമായി ദമ്പതികള്‍ ബന്ധപ്പെട്ടപ്പോള്‍ സ്വകാര്യതയ്ക്ക് തങ്ങള്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഇപ്പോഴുണ്ടായിരിക്കുന്നത് അത്യപൂര്‍വമായ സംഭവമാണെന്നമുള്ള മറുപടിയാണ് ലഭിച്ചത്. ആമസോണ്‍ വിഷയത്തെ ലഘൂകരിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. അതേസമയം സംഭവത്തെക്കുറിച്ച് ആമസോണ്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്.

ആമസോണ്‍ എക്കോ ശബ്ദനിര്‍ദ്ദേശങ്ങള്‍ കേള്‍ക്കണമെങ്കില്‍ ‘അലെക്‌സ’ എന്ന് വിളിച്ച് സ്പീക്കറിനെ ആക്റ്റീവ് ആക്കേണ്ടതുണ്ട്. ദമ്പതിമാരുടെ സംഭാഷണത്തിനിടെ അലെക്‌സ എന്ന വാക്കിന് സമാനമായ എന്തെങ്കിലും സ്പീക്കര്‍ കേട്ടിട്ടുണ്ടാവാം. ശേഷം സന്ദേശങ്ങള്‍ അയക്കാനും അത് ആര്‍ക്ക് അയക്കണം എന്നുമെല്ലാമുള്ള നിര്‍ദ്ദേശങ്ങള്‍ അലെക്‌സ അവരുടെ സംഭാഷണത്തില്‍ നിന്നും കേട്ടിട്ടുണ്ടാവുമെന്നും ആമസോണ്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here