സൗദിയെ സഹായിക്കാന്‍ യുഎസ് സൈന്യം

റിയാദ് : അമേരിക്കന്‍ സൈന്യത്തിന്റെ പ്രത്യക സംഘം സൗദിക്കുവേണ്ടി യെമന്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചുവരുന്നതായി റിപ്പോര്‍ട്ട്. യുഎസ് സൈന്യത്തിന്റെ പ്രത്യേക സംഘമായ ഗ്രീന്‍ ബെറേറ്റ്‌സിനെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്.

12 അംഗ വിദഗ്ധ സംഘമാണ് അതിര്‍ത്തി മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. 2017 ഡിസംബറിലാണ് സേനാവിന്യാസമുണ്ടായത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സൗദിയും യെമനും തമ്മില്‍ പോരാട്ടത്തിലാണ്.

ഹൂതി വിമതര്‍ യെമനില്‍ നിന്ന് സൗദി ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകള്‍ തൊടുക്കുന്നുണ്ട്. ഇവ സൗദി വെടിവെച്ചിടുന്നത് അമേരിക്കന്‍ സേനയുടെ സഹായത്താലാണ്.

സൗദി കിരീടാവകാശി ആവശ്യപ്പെട്ട പ്രകാരമാണ് അമേരിക്ക വിദഗ്ധ സൈനിക സംഘത്തെ അയച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൂതി മിസൈല്‍ ആക്രമണത്തിന് തടയിടാനാണ് ഗ്രീന്‍ ബേറേറ്റ്‌സിന്റെ പ്രാഥമിക ഉത്തരവാദിത്വം.

കൂടാതെ സൗദി സൈന്യത്തിന്, ആക്രമണ- പ്രതിരോധ വിഷയങ്ങളില്‍ പരിശീലനം നല്‍കുകയും ചെയ്തു വരുന്നു. അതേസമയം അമേരിക്കന്‍ സേന യെമന്‍ അതിര്‍ത്തി കടന്ന് ആക്രമണങ്ങളില്‍ ഏര്‍പ്പെടുന്നതായി വിവരമില്ല.

രഹസ്യാന്വേഷണവും വിവര കൈമാറ്റവും മാത്രമാണ് തങ്ങളുടെ സൈന്യസംഘത്തിന്റെ ഉത്തരവാദിത്വമെന്നാണ് അമേരിക്കയുടെ വാദം. വിഷയത്തില്‍ പെന്റഗണ്‍ കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് തയ്യാറായിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2015 ല്‍ ഷിയാ വിഭാഗത്തില്‍പ്പെട്ട ഹൂതികള്‍ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചടക്കിയതോടെയാണ് സൗദി സഖ്യസേന യെമനില്‍ ഇടപെടല്‍ തുടങ്ങിയതും ഇരുവിഭാഗവും ഏറ്റുമുട്ടലില്‍ ഏര്‍പ്പെടുന്നതും.

യെമനില്‍ ഇതുവരെ 10,000 ത്തോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. നാല്‍പ്പതിനായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here