‘അമ്മ’ ഡബ്ല്യുസിസിയുമായി ചര്‍ച്ചയ്ക്ക്‌

കൊച്ചി : നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുയര്‍ന്ന പൊട്ടിത്തെറിയില്‍ ഡബ്ല്യുസിസിയുമായി ‘അമ്മ’ ചര്‍ച്ചയ്ക്ക്. മോഹന്‍ലാല്‍ ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയാലാണ് ചര്‍ച്ച നടത്തുക. മോഹന്‍ലാല്‍ അവിടെ സിനിമാ ചിത്രീകരണത്തിലാണ്.

ദിലീപിനെ തിരിച്ചെടുത്ത നടപടി പുനപ്പരിശോധിക്കണമെന്നും എക്‌സിക്യുട്ടീവ് വിളിച്ചുചേര്‍ക്കണമെന്നും മൂന്ന് നടിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ട് കത്തുനല്‍കിയിരിക്കുന്നത്.

ജൂലൈ 13 നോ 14 നോ അമ്മയുടെ നിര്‍വാഹക സമിതി ചേരണമെന്നാണ് രേവതി ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം. അതേസമയം സംഘടനയിലേക്കില്ലെന്ന് വ്യക്തമാക്കി ദിലീപ് കത്തുനല്‍കിയിട്ടുമുണ്ട്.

കേസ് അവസാനിക്കുന്നതുവരെ ഒരു സംഘടനയിലും സജീവമാകില്ലെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ കാര്യത്തിലും താന്‍ സമാന നിലപാടാണ് അറിയിച്ചതെന്നും ദിലീപ് കത്തില്‍ പരാമര്‍ശിക്കുന്നു.

തന്റെ പേരില്‍ പലരും സംഘടനയെ അപമാനിക്കുന്നതില്‍ സങ്കടമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അതേസമയം ‘അമ്മ’ നിസ്സംഗത തുടര്‍ന്നാല്‍ കൂടുതല്‍ പേര്‍ രാജിവെയ്ക്കുമെന്ന സൂചനകളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here