തെലുങ്കില്‍ തിളങ്ങുന്ന മലയാളത്തിന്റെ കീര്‍ത്തി

വിജയവാഡ :ജന്മം കൊണ്ട് നല്ല ശുദ്ധ മലയാളിയാണെങ്കിലും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് മുഴുവന്‍ താരറാണിയായി വിലസുകയാണ് നടി കീര്‍ത്തി സുരേഷ്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘മഹാനടി’ ആന്ധ്രാ പ്രദേശിലും തെലുങ്കാനയിലും നിരവധി ആരാധകരെയാണ് കീര്‍ത്തിക്ക് സമ്മാനിച്ചത്.

മലയാളത്തിന്റെ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാനും ‘മഹാനടി’ എന്ന ചിത്രത്തില്‍ ഒരു ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പഴയ കാല തെലുഗു സിനിമാ നടിയായ സാവിത്രിയുടെ ജീവിതകഥ പറയുന്ന സിനിമയാണ് ‘മഹാനടി’. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ സാവിത്രിയായി അരങ്ങിലെത്തിയ കീര്‍ത്തി മിന്നുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്. ജെമിനി ഗണേഷന്റെ വേഷമാണ്‌ ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.

മഹാനടി പുറത്തിറങ്ങിയതിന് ശേഷം കീര്‍ത്തിയുടെയും ദുല്‍ഖറിന്റെയും അഭിനയചാരുതയെ വാഴ്ത്തി പാടുകയും ആശംസകള്‍ നേരുകയുമാണ് തെലുഗു സിനിമാ ലോകവും മാധ്യമങ്ങളും.

ബാഹുബലിയുടെ സംവിധായകന്‍ രാജമൗലി വരെ ചിത്രം കണ്ടതിന് ശേഷം താന്‍ ദുല്‍ഖറിന്റെ ഒരു ആരാധകനായി മാറിയെന്ന് അഭിപ്രായപ്പെട്ടത് അടുത്തിടെ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ഒടുവിലായി ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ തന്നെ ‘മഹാനടി’ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ മുഴുവന്‍ ആദരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. വിജയവാഡയില്‍ നടന്ന ചടങ്ങില്‍ കീര്‍ത്തി സുരേഷ് അടങ്ങുന്ന സംഘത്തിന് ആദരമായി ബഹുമതി പത്രങ്ങള്‍ സമര്‍പ്പിക്കാനും കുശലാന്വേഷണങ്ങള്‍ നടത്താനും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തന്നെ നേരിട്ടെത്തി.

നടി സാവിത്രിയുടെ മകള്‍ വിജയാ ചാമുഢേശ്വരിയും ചടങ്ങില്‍ സന്നിഹിതയായിരുന്നു. ചടങ്ങില്‍ അമരാവതിയിലെ തലസ്ഥാന നിര്‍മ്മാണത്തിനായി 50 ലക്ഷം രൂപയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here