അമേരിക്കയും സൗദിയോട് ഉടക്കുന്നു

ന്യൂഡല്‍ഹി : എണ്ണവില ബാരലിന് 100 ഡോളറാക്കാനുള്ള സൗദി ശ്രമത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്ത്. ഉറ്റസൗഹൃദമുള്ള അമേരിക്കയും സൗദി നിലപാടിനെ എതിര്‍ക്കുകയാണ്.

സൗദിയോട് ട്രംപ് അതൃപ്തി അറിയിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എണ്ണവില കുത്തനെ ഉയര്‍ത്തുന്നത് ആഗോള തലത്തില്‍ കനത്ത തിരിച്ചടികള്‍ക്ക് വഴിവെയ്ക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയും എതിര്‍പ്പുമായി രംഗത്തെത്തുന്നത്.

ആഗോള സാമ്പത്തിക മാന്ദ്യത്തിന് സൗദി നടപടി വഴിവെയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. 2008 ലെ അനുഭവമാണ് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നത്. 2008 ല്‍ എണ്ണവില ബാരലിന് 150 ഡോളറായി കുതിച്ചുയര്‍ന്നിരുന്നു.

ഈ കാലയളവിലാണ് ആഗോള സാമ്പത്തിക മാന്ദ്യത്തിന് ലോകം വേദിയായത്. അമേരിക്കന്‍ സമ്പദ് രംഗത്ത് കനത്ത തകര്‍ച്ച ഇക്കാലയളവിലുണ്ടായി. ഇത് ലോക സമ്പദ് വ്യവസ്ഥയിലും ബഹിര്‍സ്ഫുരണങ്ങളുണ്ടാക്കി.

ആഗോള തലത്തില്‍ വന്‍ സാമ്പത്തിക ശക്തികള്‍ പോലും തകര്‍ച്ചയെ അഭിമുഖീകരിക്കുകയും ലോകം മുഴുവന്‍ വ്യാപക തൊഴില്‍ നഷ്ടമുണ്ടാവുകയും ചെയ്തു.

സമാന അവസ്ഥയ്ക്ക് സൗദി നീക്കം ഇടയാക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സൗദി എണ്ണവില ഉയര്‍ത്തുന്നത് വിശേഷിച്ച് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുക. രാജ്യത്തിനാവശ്യമായ എണ്ണയുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.

സൗദിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ എണ്ണ എത്തിക്കുന്നതും. എണ്ണവില ബാരലിന് 74 ഡോളറില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ ലിറ്ററിന് 80 രൂപയോട് അടുക്കുകയാണ്.

എണ്ണയുല്‍പ്പാദക രാജ്യങ്ങള്‍ നിരക്ക് ഉയര്‍ത്തുന്നതോടെ ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയരും. ഇതോടെ രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലയും വന്‍തോതില്‍ വര്‍ധിക്കും. ചരക്കുകടത്ത് നിരക്കില്‍ വന്‍ വര്‍ധനയുണ്ടാകുന്നതിനെ തുടര്‍ന്നാണിത്.

സര്‍വ്വമേഖലയിലും വിലവര്‍ധന പ്രകടമാകും. സാധാരണക്കാരുടെ ഉപജീവനം ദുസ്സഹമാവുകയും സമ്പദ് വ്യവസ്ഥ തകര്‍ച്ചയെ നേരിടുകയും ചെയ്യും. സൗദിയുടെ കരുതല്‍ ധനം 2014 ല്‍ 737 ബില്യണ്‍ ഡോളറായിരുന്നു.

നിലവില്‍ ഇത് 488 ബില്യണ്‍ ഡോളറിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കാനാണ് സൗദി എണ്ണവില ഉയര്‍ത്താന്‍ ശ്രമം നടത്തിവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here