ബിജെപി പ്രവര്‍ത്തകനെ കെട്ടിത്തൂക്കി കൊലപ്പെടുത്തി 

കൊല്‍ക്കത്ത :പശ്ചിമ ബംഗാളില്‍ ഒരു ബിജെപി പ്രവര്‍ത്തകനേയും കൂടി കെട്ടിത്തൂക്കി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുരുലിയ ജില്ലയിലെ ബലരാംപുര ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 32 വയസ്സുകാരനായ ദുലാല്‍ കുമാറാനിയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഒരാഴ്ചയ്ക്കിടെ സമാന സാഹചര്യത്തില്‍ മരണപ്പെടുന്ന രണ്ടാമത്തെ ബിജെപി പ്രവര്‍ത്തകനാണ് ദുലാല്‍. വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ കാണാതായത്. ശനിയാഴ്ച രാവിലെയാണ് പ്രദേശത്തെ ഇലക്ട്രിക്ക് പോളില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ദുലാലിന്റെ മൃതദേഹത്തെ കണ്ടെത്തിയത്.

18 വയസ്സുകാരനായ ത്രിലോചന്‍ മഹാജന്‍ എന്ന ബിജെപി പ്രവര്‍ത്തകനെ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സമാന സാഹചര്യത്തില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പുരുലിയ ജില്ലയില്‍ തന്നെയാണ് ഈ കൊലപാതകവും അരങ്ങേറിയത്.

കഴിഞ്ഞ മാസം നടന്ന ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ത്രിണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കടുത്ത മത്സരം നടന്ന ജിലകളിലൊന്നാണ് പുരലിയ. 839 സീറ്റുകളില്‍ ത്രിണമൂല്‍ വിജയകൊടി പാറിച്ചപ്പോള്‍ 645 സീറ്റുകള്‍ ബിജെപിയും സ്വന്തമാക്കി. 38 ജില്ലാ പരിഷത്ത് അംഗങ്ങളില്‍ ത്രിണമൂലിന് 26 സീറ്റുകളും ബിജെപിക്ക് 9 സീറ്റുകളുമാണുള്ളത്. ത്രിലോചന്‍ മരിച്ച സ്ഥലത്ത് നിന്നും കണ്ടെടുത്ത കത്തില്‍ 18 വയസ്സിനുള്ളില്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ് കൊലപ്പെടുത്താനുള്ള കാരണമെന്ന് അക്രമകാരികള്‍ എഴുതി വെച്ചിട്ടുണ്ട്.

എന്നാല്‍ ദുലാലിന്റെ മൃതദേഹത്തിനരികില്‍ നിന്നും കത്തുകളൊന്നും തന്നെ കണ്ടെടുത്തിട്ടില്ല. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ത്രിണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു .ദുലാല്‍ കുമാറിന്റെ മരണത്തില്‍ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റെ അന്വഷണം നടത്തുമെന്ന് പശ്ചിമ ബംഗാള്‍ പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here