ഭൂരിപക്ഷം ഉറപ്പെന്ന് കോണ്‍ഗ്രസും ബിജെപിയും

ബംഗളൂരു : കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ ഇന്ന് വൈകീട്ട് നാലിന് വിശ്വാസവോട്ട് തേടും. തൂക്കുസഭ നിലവില്‍ വന്നതിനാല്‍ കണക്കിലെ കളികളാണ് കര്‍ണാടക നിയമസഭയുടെ ഭാവി നിശ്ചയിക്കുന്നത്.

അംഗങ്ങളുടെ പിന്‍തുണ ഉറപ്പിക്കാനും മറുകണ്ടം ചാടിക്കാനും എല്ലാമുള്ള തിരക്കിട്ട നീക്കങ്ങളാല്‍ തിളച്ചുമറിയുകയാണ് കന്നഡരാഷ്ട്രീയം. ഫലത്തില്‍ രാജ്യജനതയുടെ നെഞ്ചിടിപ്പേറ്റുകയാണ് ബംഗളൂരുവിലെ ചരടുവലികള്‍.

104 സീറ്റില്‍ നിന്ന് ബിജെപിക്ക് 112 അംഗങ്ങളുടെ പിന്‍തുണയിലേക്ക് എത്താനാകുമോയെന്നതാണ് സുപ്രധാന ചോദ്യം.കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും കുതിരക്കച്ചവടത്തിലൂടെ അംഗങ്ങളെ പാളയത്തിലെത്തിക്കാന്‍ സര്‍വ്വവിധ പരിശ്രമങ്ങളും ബിജെപി പയറ്റുകയാണ്.

ഇരു കക്ഷികളിലെയും ലിംഗായത്ത് എംഎല്‍എമാരെ ലക്ഷ്യമിട്ടാണ് ചരടുവലികള്‍. ലിംഗായത്ത് മഠങ്ങള്‍വഴി എംഎല്‍എമാരെ സ്വാധീനിച്ച് കൂടെ നിര്‍ത്തുകയാണ് ലക്ഷ്യം. ലിംഗായത്ത് പ്രതിനിധിയായ യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രിയായി തുടരാന്‍ ബിജെപിയെ തുണയ്ക്കണമെന്ന് മഠങ്ങളെ സമ്മര്‍ദ്ദം ചെലുത്തുകയാണ് ബിജെപി.

ഇത് എത്രമാത്രം വിജയിക്കുമെന്നറിയാന്‍ വിശ്വാസവോട്ട് ഫലം വരുന്നവരെ കാത്തിരിക്കേണ്ടി വരും. ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയാണ് ബിജെപി ക്യാംപ് പരസ്യപ്പെടുത്തുന്നത്. എന്നാല്‍ യാതൊരുവിധ ആശങ്കയുമില്ലെന്നും സഭയില്‍ ഭൂരിപക്ഷം വ്യക്തമാക്കുമെന്നും കോണ്‍ഗ്രസും അറിയിച്ചു.

224 അംഗ സഭയില്‍ 113 പേരുടെ പിന്‍തുണയാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. എന്നാല്‍ 222 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. അതിനാല്‍ 112 പേരുടെ പിന്‍തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം. ബിജെപിക്ക് 104 അംഗങ്ങളാണുള്ളത്.

കോണ്‍ഗ്രസിന് 78 ഉം ജെഡിഎസിന് 38 ഉം അംഗങ്ങളുണ്ട്. രണ്ട് സ്വതന്ത്രരും തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ സ്ഥിതിയില്‍ കോണ്‍ഗ്രസിന് 2 എംഎല്‍എമാരുടെ പിന്‍തുണ നഷ്ടമായെന്ന് റിപ്പോര്‍ട്ടുണ്ട്. ആനന്ദ് സിങ്, പ്രതാപ് ഗൗഡ എന്നിവരാണിവര്‍. ഇവര്‍ ബിജെപിയെ പിന്‍തുണയ്ക്കുമെന്നാണ് സൂചന.

അതേസമയം രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനൊപ്പമുണ്ട്. അങ്ങനെവരുമ്പോള്‍ കോണ്‍ഗ്രസ്- ദള്‍ സഖ്യത്തിന് 116 പേരുടെ പിന്‍തുണയാണുണ്ടാവുക. ജെഡിഎസ് അദ്ധ്യക്ഷന്‍ കുമാരസ്വാമി രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് വിജയിച്ചിരിക്കുന്നത്.

അദ്ദേഹത്തിന് ഒരു വോട്ടേ ചെയ്യാനാകൂ എന്നതിനാല്‍ സംഖ്യ 115 ലേക്കെത്തും. അപ്പോഴും ഭൂരിപക്ഷം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് ആകയാല്‍ യെദ്യൂരപ്പ സര്‍ക്കാര്‍ വീഴും. ബിജെപിക്ക് തങ്ങളുടെ 104 വോട്ടിനൊപ്പം രണ്ട് കോണ്‍ഗ്രസ് അംഗങ്ങളുടെ കൂടി പിന്‍തുണ ലഭിച്ചേക്കാം.

അങ്ങനെയെങ്കില്‍ 106 എംഎല്‍എമാരെയേ ഒപ്പം നിര്‍ത്താനാകൂ. കേവല ഭൂരിപക്ഷത്തിലേക്ക് 6 അംഗങ്ങളുടെ കുറവുണ്ടാകും. യെദ്യൂരപ്പ കേവലം 3 ദിവസത്തെ മുഖ്യമന്ത്രി മാത്രമാകും. എന്നാല്‍ കോണ്‍-ദള്‍ സഖ്യത്തില്‍ നിന്ന് 6 വോട്ടുകള്‍ കൂടി ചോര്‍ന്നാല്‍ ബിജെപി ഭരണത്തില്‍ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here