വിശ്വാസ വോട്ടെടുപ്പിന് മുന്‍പേ ഇറങ്ങിപ്പോയി ബിജെപി

ബംഗലൂരു :വിശ്വാസ വോട്ടെട്ടുപ്പ് നടത്താന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപി അംഗങ്ങള്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷ നേതാവ് യെദ്യൂരപ്പയുടെ നേതൃത്വത്തിലായിരുന്നു അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്. തുടര്‍ന്ന് മുഖ്യമന്ത്രി കുമാരസ്വാമി നിയമസഭയില്‍ വിശ്വാസവോട്ട് നേടി. നിലവിലെ 222 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 116 അംഗങ്ങളും ബിജെപിക്ക് 104 അംഗങ്ങളുടെ പിന്തുണയുമാണ് ഉണ്ടായിരുന്നത്.

വോട്ടെടുപ്പ് നടന്നാല്‍ കുമാരസ്വാമി വിജയിക്കുമെന്ന് ഉറപ്പായ  സാഹചര്യത്തിലായിരുന്നു ബിജെപി അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്. പ്രതിപക്ഷ നേതാവ് യെദ്യൂരപ്പയുടെ പ്രസംഗത്തിന് ശേഷമായിരുന്നു അംഗങ്ങള്‍ വാക്ക്ഔട്ട് നടത്തിയത്. പ്രസംഗത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ രൂക്ഷമായ ഭാഷയിലാണ് പ്രസംഗത്തില്‍
യെദ്യൂരപ്പ കുറ്റപ്പെടുത്തിയത്.

കുമാരസ്വാമിയുടെയും കുടുംബത്തിന്റെയും പേരിലുള്ള അനധികൃത സ്വത്ത് ഇടപാട് ആരോപണങ്ങളും യെദ്യൂരപ്പ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയ നടപടി നടപ്പാക്കിയില്ലെങ്കില്‍ തിങ്കളാഴ്ച്ച കര്‍ണ്ണാടകയില്‍ ബന്ദ് നടത്താനും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപി ഇറങ്ങിപ്പോയതോടെ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടി.

വെള്ളിയാഴ്ച രാവിലെ നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കെ ആര്‍ രമേശ് കുമാര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എസ്.സുരേഷ് കുമാര്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചതോടെയാണ് എതിരില്ലാതെ കെ ആര്‍ രമേശ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രി കുമാരസ്വാമിയുടെ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായിരുന്നു സ്പീക്കര്‍ തിരഞ്ഞെടുപ്പ് അരങ്ങേറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here