തീയിട്ടത് തങ്ങളെന്ന് ബിജെപി യുവനേതാവ്

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് കാളിന്ദി കുഞ്ചിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാംപ് അഗ്നിക്കിരയാക്കിയത് തങ്ങളാണെന്ന് സമ്മതിച്ച് ബിജെപി യുവനേതാവ്. ഭാരതീയ ജനതാ യുവമോര്‍ച്ച നേതാവ് മനീഷ് ചണ്ഡേലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ തുറന്നുസമ്മതിച്ചത്.

അതെ, ഞങ്ങള്‍ റോഹിങ്ക്യന്‍ തീവ്രവാദികളുടെ വീടുകള്‍ അഗ്നിക്കിരയാക്കി എന്നായിരുന്നു ഇയാളുടെ ട്വീറ്റ്. ഏപ്രില്‍ 15 ന് പുലര്‍ച്ചെ തീപ്പിടുത്തമുണ്ടായ ഉടന്‍ 2.16 നായിരുന്നു ഈ ട്വീറ്റ്.

തുടര്‍ന്ന് ഏപ്രില്‍ 16 ന് വൈകീട്ട് 5.42 ന് റോഹിങ്ക്യകള്‍ ഇന്ത്യ വിടുക എന്നും ഇയാള്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ ഇവ വിവാദമായതോടെ ഇയാള്‍ ട്വിറ്റര്‍ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

ഇയാള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളടക്കം ഓള്‍ ഇന്ത്യ മുസ്ലിം മജ്‌ലിസ് ഇ മുശാവറത്, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ 14 ന് അര്‍ധരാത്രിയോടെയാണ് ഡല്‍ഹിയിലെ റോഹിങ്ക്യന്‍ ക്യാംപ് അഗ്നിക്കിരയാകുന്നത്. ഈ സമയം 200 ഓളം പേര്‍ ഇതിലുണ്ടായിരുന്നു. ഇവരുടെ തിരിച്ചറിയല്‍ രേഖകളും യുഎന്‍ നല്‍കിയ പ്രത്യേക വിസയുമെല്ലാമടക്കമുള്ള സ്വകാര്യ വസ്തുക്കള്‍ അഗ്നിബാധയില്‍ കത്തിയമര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here