വനിതയുടെ മൃതദേഹം കണ്ടെത്തി

വാഷിങ്ടണ്‍ : അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിനായുള്ള തിരച്ചിലിനിടെ ഈല്‍ നദിയില്‍ നിന്ന് ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തി. കാറിന്റെ അവശിഷ്ടങ്ങളും ചില വസ്തുക്കളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ കാണാതായ തോട്ടപ്പിള്ളി കുടുംബാംഗമായ യുവതിയുടെ മൃതദേഹം തന്നെയാണോ ഇതെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

ഇവരുടെ കാര്‍ ഈല്‍ നദിയിലേക്ക് വീണ് ഒഴുക്കില്‍പ്പെട്ട് അപകടത്തില്‍പ്പെട്ടതാകാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. ഇവരുടെ മെറൂണ്‍ നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം നദിയില്‍ വീണതായി ചില സൂചനകളുണ്ടായിരുന്നു. സന്ദീപ് തോട്ടപ്പിള്ളി ഭാര്യ സൗമ്യ, മക്കളായ സിദ്ധാര്‍ത്ഥ്, സാചി എന്നിവരെയാണ് അമേരിക്കയില്‍ കാണാതായത്.

ഏപ്രില്‍ 5 മുതല്‍ ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇവരുടേതിന് സമാനമായ വാഹനം കനത്ത മഴയില്‍ ഡോറ ക്രീക്കിന് സമീപം റോഡില്‍ നിന്ന് ഈല്‍ നദിയിലേക്ക് വീണതായി വിവരം ലഭിച്ചതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. ഇവിടെനിന്ന് 7 മൈല്‍ അകലത്തായാണ് ഒരു വനിതയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

നദിയില്‍ വിവിധയിടങ്ങളില്‍ നിന്നായി കാറിലെ വസ്തുക്കളും കാറിന്റെ ചില ഭാഗങ്ങളും കണ്ടെത്തുകയും ചെയ്തു. പോര്‍ട്ട്‌ലാന്റില്‍ നിന്ന് സാന്‍ജോസിലേക്ക് തിരിച്ച ഇവരെ കാണാതാവുകയായിരുന്നു.

ഇതുസംബന്ധിച്ച പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഒരു കാര്‍ ഈല്‍ നദിയില്‍ വീണെന്ന വിവരം പൊലീസിന് ലഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടുകയായിരുന്നു.

അന്ന് അപകടത്തില്‍പ്പെട്ട യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചിരുന്നില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. കനത്ത മഴയെ തുടര്‍ന്നാണ് കാര്‍ നദിയിലേക്ക് വീണത്. നദിയില്‍ ഈ സമയം ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഇതുമൂലം വാഹനം അപ്രത്യക്ഷമായെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here