ബാഗിന്റെ പുറത്ത് ബോംബ്; വിറച്ച് ജീവനക്കാരും യാത്രക്കാരും

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ വിമാനത്താവളത്തിലെ ജീവനക്കാരും യാത്രക്കാരും ആ കറുത്ത ബാഗ് കണ്ട് പരിഭ്രാന്തരായി. ബാഗിന് പുറത്തെ കുറിപ്പാണ് അവരെ ഞെട്ടിച്ചത്. ബോംബ് ടു ബ്രിസ്‌ബെയ്ന്‍ എന്നായിരുന്നു ആ ബാഗിന് പുറത്ത് എഴുതിയിരുന്നത്.

അതോടെ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് സംഘം വിമാനത്താവളത്തിലെത്തി. എന്നാല്‍ അന്വേഷിച്ചു വന്നപ്പോഴാണ് കാര്യം മനസ്സിലായത്. മുംബൈയില്‍ നിന്നെത്തിയ 65കാരിയായ വെങ്കട ലക്ഷ്മിയെ വിമാനത്താവളത്തില്‍ വച്ച് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് ചോദ്യം ചെയ്തു.

ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന മകള്‍ ദേവി ജ്യോതിരാജിനെ കാണാനായാണ് മുംബൈയില്‍ നിന്നും വെങ്കട ലക്ഷ്മി എത്തിയത്. ജന്മദിനാഘോഷത്തിനായാണ് ഇവര്‍ ഓസ്‌ട്രേലിയയിലെത്തിയത്. ആദ്യമായി ഒറ്റയ്ക്ക് വിമാനത്തില്‍ യാത്ര ചെയ്യുന്ന വെങ്കട മുംബൈ വിമാനത്താവളത്തില്‍ വച്ച് തിരക്കിട്ടാണ് പെട്ടിയില്‍ സ്ഥലപ്പേര് എഴുതി വച്ചത്.

കൂടാതെ ബോംബൈ എന്ന് മുഴുവനായി എഴുതാന്‍ സ്ഥലം കൂടി ഇല്ലാത്തതിനാല്‍ രണ്ടാമതൊന്ന് ആലോചിക്കാനും നിന്നില്ല. ബോംബൈയുടെ ചുരുക്കമായിരിക്കട്ടെ ‘ബോംബ്’ എന്ന ധാരണയില്‍ ഇത് തിരുത്താനും പോയില്ല. എന്നാല്‍ ഓസ്‌ട്രേലിയയില്‍ എത്തിയപ്പോഴാണ് സംഗതി കൈവിട്ട് പോയത്.

പെട്ടി കണ്ട് നിരവധി പേര്‍ തന്നെ തുറിച്ച് നോക്കി കടന്നുപോയതായി വെങ്കട മകളോട് പറയുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിമാനത്താവള അധികൃതര്‍ ഇവരെ ചോദ്യം ചെയ്തത്. തുടര്‍ന്ന് ബാഗ് പരിശോധിക്കുകയും കാര്യങ്ങള്‍ തിരിച്ചറിയുകയും ചെയ്തതോടെ ഇവരെ പറഞ്ഞുവിടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here