ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച സഹോദരങ്ങള്‍ പിടിയില്‍

ദുബായ് :ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച സഹോദരങ്ങളെ ദുബായ് വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. എഷ്യന്‍ സ്വദേശികളായ രണ്ട് സഹോദരങ്ങളാണ് ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ ദുബായ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 1,300 ഗ്രാം ഹെറോയിന്‍ കണ്ടെത്തി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സഹോദരങ്ങള്‍ പിടിയിലായത്. ഹെറോയിന്‍ കടത്താന്‍ ഇവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് പൊലീസിനെ അമ്പരപ്പിച്ചത്. വയറ്റിനുള്ളില്‍ ഒളിപ്പിച്ചാണ് ഇവര്‍ വിമാനത്താവളം വഴി മരുന്ന് കടത്താന്‍ ശ്രമിച്ചത്.

ഇതാദ്യമായല്ല സഹോദരങ്ങള്‍ ഇത്തരത്തില്‍ ഹെറോയിന്‍ കടത്താന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ ദീര്‍ഘ നാളുകളായി ദുബായ് ആന്റി നാര്‍ക്കോട്ടിക് സെല്ലിന്റെ നിരീക്ഷണത്തിലുമായിരുന്നു. രാജ്യത്തെ എല്ലാ അതിര്‍ത്തികളിലും ഇവരെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘം നല്‍കിയിരുന്നു.

ആന്റി നാര്‍ക്കോട്ടിക് സെല്‍ നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ ഇവര്‍ കുറ്റം സമ്മതിച്ചു. ഗുളിക രൂപത്തില്‍ വിഴുങ്ങിയാണ് ഹെറോയിന്‍ തങ്ങള്‍ കടത്താന്‍ ശ്രമിച്ചതെന്നും ഇവര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് ഇവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

61 ഗുളികകള്‍ മൂത്ത സഹോദരന്റെ വയറ്റില്‍ നിന്നും 47 എണ്ണം ഇളയവന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. ഇവ മൊത്തത്തില്‍ 1,300 ഗ്രാം തൂക്കം വരും. പ്രതികളെ വലയിലാക്കാന്‍ തങ്ങളോടൊപ്പം സഹകരിച്ച വിമാനത്താവള അധികൃതരേയും ആന്റി നാര്‍കോട്ടിക്ക് സെല്‍ ഉദ്യോഗസ്ഥര്‍ക്കും ദുബായ് പൊലീസ് നന്ദി അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here