അപൂര്‍വ വൈറസ് ബാധയേറ്റ് കോഴിക്കോട് മൂന്ന് മരണം

h1n1 viruses

കോഴിക്കോട് :അപൂര്‍വ രോഗാവസ്ഥയെ തുടര്‍ന്ന് കോഴിക്കോട് പേരാമ്പ്രയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് പിന്നില്‍ വൈറസ് ബാധയെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു വൈറസിന്റെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

പേരാമ്പ്ര ചങ്ങാരോത്ത് പന്തിരിക്കര സൂപ്പിക്കടയില്‍ മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ് (26), മുഹമ്മദ് സാബിത്ത് (24) എന്നിവരാണ് പനി ബാധയെ തുടര്‍ന്ന് അടുത്തടുത്ത ദിവസങ്ങളില്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം മൂസയുടെ സഹോദരന്‍ മൊയ്യ്തീന്റെ ഭാര്യ മറിയം (50) കൂടി ഈ രോഗ ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മറിയം മരണപ്പെട്ടത്.

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് അടുത്തടുത്ത ദിവസങ്ങളില്‍ പനി ബാധിച്ച് മരണം സംഭവിച്ചതാണ് വൈറസ് ബാധയെ കുറിച്ച് ആരോഗ്യ വകുപ്പിന് സംശയത്തിന് ഇടയാക്കിയത്. ഇതിനെ തുടര്‍ന്ന് മൃതദേഹങ്ങളില്‍ നിന്നെടുത്ത ദ്രവ സാമ്പിളുകള്‍ മണിപ്പാലിലെ വൈറോളജി ലാമ്പില്‍ പരിശോധനയ്ക്ക് അയച്ചു. തുടര്‍ന്നാണ് നിപ്പോണ്‍ വൈറസുകളുടെ സാന്നിദ്ധ്യം മരിച്ച വ്യക്തികളുടെ ശരീരത്തില്‍ കണ്ടെത്തിയത്. വവ്വാലുകളില്‍ നിന്നാണ് ഈ വൈറസ് ഇവരിലേക്ക് കടന്നു കൂടിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

വവ്വാലുകള്‍ കഴിച്ച് ബാക്കിയായ പഴങ്ങള്‍ കഴിക്കുന്നതിലൂടെ ഈ വൈറസ് മനുഷ്യരിലേക്ക് എത്താം. പിന്നീട് ബാധയേറ്റ വ്യക്തിയുമായി അടുത്തിടപഴകുന്നവരിലേക്കും ഈ വൈറസ് പടരാം. പനി ബാധിച്ച് മസ്തിഷ്‌ക ജ്വരം പിടിപെട്ടാണ് മരണം സംഭവിക്കുന്നത്. ശ്വാസ തടസ്സം, കടുത്ത തലവേദന, പനി എന്നിവയില്‍ തുടങ്ങി അവസാനം മസ്തിഷ്‌ക ജ്വരത്തിലേക്ക് എത്തുന്നതാണ് ലക്ഷണങ്ങളായി രോഗികളില്‍ കണ്ടു വരുന്നത്. ഈ വൈറസിനെതിരായി വാക്‌സിനുകള്‍ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

മരിച്ച വ്യക്തികളുമായി അടുത്തിഴപഴകിയ ബന്ധുക്കളില്‍ ചിലരും ഒരു സ്റ്റാഫ് നേഴ്‌സും നിരീക്ഷണത്തിലാണ്. വവ്വാലുകള്‍ കടിച്ചിടുന്ന പഴങ്ങള്‍ കഴിക്കരുത്, കൈകാലുകള്‍ നന്നായി കഴുകി ശരീരം വൃത്തിയായി സൂക്ഷിക്കുക എന്നിവയാണ് ആരോഗ്യ വകുപ്പ് പ്രധാനമായും നല്‍കുന്ന പ്രാഥമിക നിര്‍ദ്ദേശങ്ങള്‍.

മന്ത്രി ടി പി രാമകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ സാന്നിദ്ധ്യത്തില്‍ ഇന്നലെ രാത്രി ചേര്‍ന്ന ആരോഗ്യ വിദഗധന്‍മാരുടെയും ഡോക്ടര്‍മരുടെയും യോഗം സ്ഥിതി ഗതികള്‍ വിലയിരുത്തി. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും വൈറസ് ബാധ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ വിജയകരമായി പുരോഗമിക്കുകയാണെന്നും മന്ത്രി ശൈലജ ടീച്ചര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here