സല്‍മാന്‍ രാജാവിനെതിരെ പടയൊരുക്കം

ഡസല്‍ഡോര്‍ഫ് : സല്‍മാന്‍ രാജാവിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ആഹ്വാനം. വിമത രാജകുമാരനായ ഖാലിദ് ബിന്‍ ഫര്‍ഹാന്‍ തന്റെ അമ്മാവന്‍മാരായ പ്രിന്‍സ് അഹമ്മദ് ബിന്‍ അബ്ദുള്‍ അസീസിനോടും പ്രിന്‍സ് മഖ്‌റിന്‍ ബിന്‍ അബ്ദുള്‍ അസീസിനോടുമാണ് അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

സല്‍മാന്‍ രാജാവിന്റെ നടപടികള്‍ രാജകുടുംബത്തെയും ഭരണകൂടത്തെയും തകര്‍ക്കുകയാണെന്ന് ഖാലിദ് ബിന്‍ ഫര്‍ഹാന്‍ ആരോപിച്ചു. ഇദ്ദേഹം മിഡില്‍ ഈസ്റ്റ് ഐ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വിമതനായ ഖാലിദ് ബിന്‍ ഫര്‍ഹാന്‍ ജര്‍മനിയിലാണ് സ്ഥിരതാമസം.

രാജകുടുംബത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജര്‍മനിയില്‍ രാഷ്ട്രീയാഭയം തേടുകയായിരുന്നു. ജര്‍മനിയില്‍ വെച്ചാണ് അദ്ദേഹം അഭിമുഖം നല്‍കിയിരിക്കുന്നത്. രാജകുടുംബത്തില്‍ ശക്തമായ സ്വാധീനമുള്ള അഹമ്മദും, മഖ്‌റിനും ഒറ്റക്കെട്ടായാല്‍ 99 ശതമാനം ബന്ധുക്കളും അവര്‍ക്കൊപ്പം അണിനിരക്കുമെന്ന് ഫര്‍ഹാന്‍ പറയുന്നു.

സുരക്ഷാ സംവിധാനങ്ങളും സൈന്യവും ഒപ്പം നില്‍ക്കും. സല്‍മാന്‍ രാജാവിനെതിരെ കുടുംബത്തില്‍ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുകയാണ്‌, മുന്‍ ആഭ്യന്തര സഹമന്ത്രിയായ അഹമ്മദ് അബ്ദുള്‍ അസീസും നേരത്തേ കിരീടാവകാശിയായി നിയമിക്കപ്പെട്ട മഖ്‌റിന്‍ ബിന്‍ അബ്ദുള്‍ അസീസും കര്‍മ്മശേഷിയും ഉന്നതവിദ്യാഭ്യാസവുമുള്ള വ്യക്തികളാണ്.

ഭരണത്തെ നിയന്ത്രിക്കാന്‍ ഇരുവര്‍ക്കും കാര്യക്ഷമതയുണ്ടെന്നും ഫര്‍ഹാന്‍ അഭിപ്രായപ്പെടുന്നു. കിങ് സല്‍മാനെതിരെ താന്‍ മനസ്സുതുറന്നപ്പോള്‍ പൊലീസില്‍ നിന്നും സൈന്യത്തില്‍ നിന്നും നിരവധി പേര്‍ പിന്‍തുണ അറിയിക്കുന്നുണ്ട്. അത്തരത്തില്‍ നിരവധി ഇമെയിലുകള്‍ ദിനംപ്രതി ലഭിക്കുന്നുണ്ട്.

നിലവിലെ പ്രതിസന്ധിയില്‍ നിന്ന് രാജകുടുംബത്തെയും ഭരണകൂടത്തെയും രക്ഷിക്കാന്‍ പ്രിന്‍സ് അഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് മുന്‍കയ്യെടുക്കണമെന്നും ഫര്‍ഹാന്‍ ആവശ്യപ്പെട്ടു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്‍പ് കുടുംബത്തില്‍ ഒട്ടും സ്വാധീനമില്ലാത്തയാളായിരുന്നു.

ഇദ്ദേഹത്തിന്റെ സഹോദരന്‍മാരും അര്‍ദ്ധ സഹോദരന്‍മാരുമൊക്കെയായിരുന്നു ഉന്നത പദവികളില്‍. അവരെല്ലാം ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവരുമായിരുന്നു. ഇത് എംബിഎസില്‍ ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ചില അര്‍ദ്ധ സഹോദരന്‍മാരോട് കടുത്ത വിദ്വേഷം പുലര്‍ത്തുന്നതിനും വഴിവെച്ചു.

അതില്‍ പലരെയും അദ്ദേഹം ഇപ്പോള്‍ പ്രതികാരത്തിന്റെ ഭാഗമായി വേട്ടയാടുകയാണ്. നിരവധി പേരെ എംബിഎസ് തടവിലാക്കി. പലരെയും മോചിപ്പിച്ചിട്ടുണ്ടെങ്കിലും അവര്‍ നിരീക്ഷണത്തിലാണെന്നും രാജ്യത്തിന് പുറത്തേക്ക് കടക്കാന്‍ അനുവദിക്കുന്നില്ലെന്നും ഫര്‍ഹാന്‍ ആരോപിച്ചു.

അതേസമയം ഏപ്രില്‍ 21 ന് റിയാദിലെ ഔജ കൊട്ടാരത്തിന് പുറത്ത് വെടിയൊച്ചകള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഈ അട്ടിമറി ആഹ്വാനം വന്നിരിക്കുന്നത്. അന്ന് കൊട്ടാരത്തിന് പുറത്ത് ഏറ്റുമുട്ടലുണ്ടായിരുന്നു. രാജകൊട്ടാരത്തിന് സമീപമെത്തിയ ഡ്രോണ്‍ സുരക്ഷാ സേന വെടിവെച്ചിടുകയും ചെയ്തു.

ആക്രമണത്തില്‍ എംബിഎസ് കൊല്ലപ്പെട്ടെന്ന് വരെ ഇറാനിയന്‍ മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിച്ച് വാര്‍ത്ത നല്‍കിയിരുന്നു. ഏപ്രില്‍ 21 ന് ശേഷം എംബിഎസ് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമ വാര്‍ത്തകള്‍.

എന്നാല്‍ സൗദി ഭരണകൂടം ഈ വാദങ്ങള്‍ തള്ളുകയും അറബ് രാഷ്ട്രത്തലവന്‍മാര്‍ക്കൊപ്പം എംബിഎസ് സൗഹൃദം പങ്കിടുന്ന ഫോട്ടോ പുറത്തുവിടുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here