ഷുഹൈബ് വധം സിബിഐ അന്വേഷിക്കും

കൊച്ചി :യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി. കേസ് സിബിഐ അന്വേഷിക്കണമെന്നാവാശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന നടപടി.

ജസ്റ്റിസ് കമാല്‍ പാഷയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസ് അന്വേഷണത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. പൊലീസ് അന്വേഷണം ശരിയായ വിധത്തിലാണ് നടക്കുന്നതെന്നും കേസില്‍ നിലവില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ കോടതിയിലെ നിലപാട്.

എന്നാല്‍ ഈ അഭിപ്രായത്തെ ശക്തമായി വിമര്‍ശിച്ച ജസ്റ്റിസ് കമാല്‍ പാഷ കേസില്‍ ഒത്തുകളിയുണ്ടോയെന്ന് സംശയിക്കുന്നതായും വെളിപ്പെടുത്തി. പ്രതികളുടെ സാന്നിദ്ധ്യമില്ലാതെ കേസിലെ ആയുധങ്ങള്‍ കണ്ടെത്തിയത് ഒത്തുക്കളി വ്യക്തമാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ ഗൂഢാലോചന പുറത്ത് വരാറില്ലെന്നും അന്വേഷണം സിബിഐക്ക് വിടാനുള്ള അധികാരം കോടതിക്കുണ്ടെന്നും ചൂണ്ടിക്കാട്ടി. സിബിഐ യുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല.

കേസില്‍ സിബിഐക്ക് അവശ്യമായ എല്ലാ വിധ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്തു നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നേരത്തേ ഹര്‍ജിയില്‍ വാദം കേള്‍ക്കവെ കോടതി ആവശ്യപ്പെട്ടാല്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.

അതേ സമയം ഷുഹൈബ് വധം സിബിഐ അന്വേഷിക്കുമെന്ന കോടതി ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയിണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ വ്യക്തമാക്കി. അധികാരം കൊണ്ട് ഏത് അന്വേഷണവും അട്ടിമറിക്കാമെന്ന വ്യാമോഹമാണ് ഇല്ലാതായതെന്നും വിധിയില്‍ സന്തോഷമുണ്ടെന്നും കെ.സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here