ശ്രീജിത്തിന്റെ 765 നാള്‍ പിന്നിട്ട സമരം ഫലം കണ്ടു;സഹോദരന്റെ മരണം സിബിഐ അന്വേഷിക്കും

തിരുവനന്തപുരം : ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് 765 നാളായി തുടരുന്ന സമരരം ലക്ഷ്യത്തിലേക്ക്. കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, കേരളത്തില്‍ നിന്നുള്ള എംപിമാരായ ശശി തരൂരിനെയും കെ സി വേണുഗോപാലിനെയും അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് തന്നെ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്ന് എംപിമാര്‍ പറഞ്ഞു. എംപിമാര്‍ പ്രസ്തുത വിഷയം മുന്‍നിര്‍ത്തി കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗുമായും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായും കൂടിക്കാഴ്ച നടത്തുകയായിരുന്നു.കേസ് അന്വേഷിക്കുന്നതിന് സിബിഐ വ്യക്തമാക്കിയ വൈമുഖ്യങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കിയതായും എംപിമാര്‍ വ്യക്തമാക്കി. ശ്രീജിത്തിന് നീതിക്കായി ഞായറാഴ്ച നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധവും സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ചിരുന്നു.ശ്രീജിവിന്റേത് കസ്റ്റഡി മരണമാണ്. അതില്‍ സിബിഐ അന്വേഷണം വേണം. ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം എന്നിങ്ങനെയാണ് ശ്രീജിത്തിന്റെ ആവശ്യം. പലവിധ പ്രതിസന്ധികള്‍ തരണം ചെയ്താണ് താന്‍ സമരം നടത്തുന്നത്.തികച്ചും സമാധാനപരമായ സമരമാണ് താന്‍ നയിച്ചത്. പക്ഷേ തനിക്ക് നീതി ലഭ്യമാക്കുന്ന തരത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു.ശ്രീജിത്തിന്റെ സമരത്തിന് കരുത്തേകി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് ഞായറാഴ്ച സെക്രട്ടറിയേറ്റിന് മുന്നിലേക്കെത്തിയത്. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള ആഹ്വാനത്തെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും യുവാക്കളുമടക്കം വന്‍ ജനസഞ്ചയം അണിനിരന്നു.പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് മില്യണ്‍ മാസ്‌ക് മാര്‍ച്ചായാണ് ജനക്കൂട്ടം സെക്രട്ടറിയേറ്റിലേക്ക് നീങ്ങിയത്. തികച്ചും സമാധാനപരമായിരുന്നു സമരം. സിനിമാതാരങ്ങളായ ടൊവീനോ, പ്രിയങ്ക തുടങ്ങി പ്രമുഖരും സമരസ്ഥലത്തെത്തി ശ്രീജിത്തിനൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു.2014 മെയ് 21 നായിരുന്നു ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദ്ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു.എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം ആരംഭിക്കുകയായിരുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here