പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിജയകുമാര്‍

ചെങ്ങന്നൂര്‍ :തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രചാരണങ്ങളില്‍ വീഴ്ച്ച പറ്റിയതായി ആരോപിച്ച് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍ രംഗത്ത്. തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ പാര്‍ട്ടിക്ക് ഏകോപനമായ പ്രവര്‍ത്തനം നടത്താനായിലെന്നും പലപ്പോഴും തന്റെ അഭിപ്രായങ്ങള്‍ തേടിയില്ലെന്നും വിജയകുമാര്‍ തുറന്നടിച്ചു. പ്രചാരണത്തില്‍ പാര്‍ട്ടി പിന്നിലായി പോയി, പലയിടത്തും ബൂത്ത് പ്രവര്‍ത്തനം ശരിയാം വണ്ണം നടന്നില്ലെന്നും വിജയകുമാര്‍ ആരോപിച്ചു.

തിരഞ്ഞെടുപ്പിനെ പല പ്രവര്‍ത്തകരും ഗൗരവത്തോടെ എടുത്തില്ല. തനിക്ക് വേണ്ടിയുള്ള പരസ്യങ്ങളും ബോര്‍ഡുകളും മറ്റ് സ്ഥാനാര്‍ത്ഥികളെ അപേക്ഷിച്ച് വളരെ കുറവായിരുന്നു. ഈ കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വീഴ്ച്ച പറ്റിയിട്ടുണ്ട്. പ്രചാരണത്തിനായി മണ്ഡലത്തിന് പുറത്തു നിന്നെത്തിയ പല നേതാക്കളും കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പ്രസംഗിച്ചത്. ഇത് വോട്ട് സമാഹരിക്കുന്നതില്‍ വിലങ്ങുതടിയായി.

എന്നാല്‍ മുസ്‌ലീം ലീഗ്, ആര്‍എസ്പി അടക്കമുള്ള ഘടക കക്ഷികള്‍ തന്റെ വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. മുസ്‌ലീം ലീഗ് തനിക്ക് വോട്ട് ലഭിക്കുന്നതിനായി പ്രത്യേക കണ്‍വെന്‍ഷനുകള്‍ നടത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിര്‍മ്മിച്ച ഒരു വസ്തുക്കള്‍ പോലും തന്റെ വീട്ടില്‍ വരെ വിതരണം നടത്തിയിട്ടില്ല. എന്നിരുന്നാലും മണ്ഡലത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ തനിക്ക് പിന്തുണ നല്‍കിയെന്നും അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍

LEAVE A REPLY

Please enter your comment!
Please enter your name here