നാലു വയസ്സുകാരിയെ രക്ഷിച്ച സൗദി സേന

യെമന്‍ :തീവ്രവാദികള്‍ മനുഷ്യ കവചമായി ഉപയോഗിച്ച നാലു വയസ്സുകാരിയായ പെണ്‍കുട്ടിയെ സൗദി സഖ്യസേന രക്ഷിച്ചു. യെമനില്‍ ഹൂതി തീവ്രവാദികള്‍ക്കെതിരായുള്ള പോരാട്ടത്തിനിടയിലാണ് ഇവര്‍ നാലു വയസ്സുകാരിയെ മനുഷ്യ കവചമായി ഉപയോഗിക്കുന്നതായി സേനയുടെ ശ്രദ്ധയില്‍പ്പെട്ടത്.

പ്രശ്‌ന ബാധിത മേഖലയില്‍ കൂടി ഈ പെണ്‍കുട്ടിയേയും ഒപ്പമിരുത്തി ജീപ്പില്‍ ആയുധങ്ങളുമായി കടന്നു പോകുന്ന തീവ്രവാദി സൗദി സഖ്യസേനയുടെ കണ്ണില്‍ പെടുകയായിരുന്നു. ദൂരെ നിന്നും സഖ്യ സേനയുടെ വെടിവെപ്പിനെ ചെറുക്കാനാണ് കുട്ടിയേയും കൂട്ടി ഇയാള്‍ യാത്ര നടത്തിയത്.

യുദ്ധ നിയമ പ്രകാരം സൗദി സഖ്യസേന കുട്ടികള്‍ക്ക് മേല്‍ ഒരു തരത്തിലും ആക്രമണം നടത്താറില്ല. ഇതു മനസ്സിലാക്കിയാണ് തീവ്രവാദിയുടെ തന്ത്രപരമായ നീക്കം. സഖ്യസേന ഈ വാഹനത്തെ പിന്തുടര്‍ന്നു പിടിച്ചു. ചോദ്യം ചെയ്യലില്‍ ഇയാള്‍ ഇറാനിയന്‍-ഹൂതി തീവ്രവാദി ഗ്രൂപ്പിലെ കമാന്‍ഡറാണെന്നും വാഹനത്തിലുള്ളത് ഇയാളുടെ മകളാണെന്നും ബോധ്യപ്പെട്ടു.

ആണ്‍കുട്ടികളുടെ വേഷം ധരിപ്പിച്ചായിരുന്നു ഇയാള്‍ പിഞ്ചു ബാലികയെ വീട്ടില്‍ നിന്നും മറ്റു ബന്ധുക്കളറിയാതെ കടത്തി കൊണ്ടു വന്നത്. പെണ്‍കുട്ടിയെ സഖ്യസേന മോചിപ്പിക്കുകയും യെമന്‍ സര്‍ക്കാരിന് കൈമാറുകയും ചെയ്തു. പിന്നീട് യെമന്‍ സര്‍ക്കാര്‍ ഈ കുട്ടിയെ കുടുംബത്തിന് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here