പുതിയ പോര്‍മുഖം തുറന്ന് കോണ്‍ഗ്രസ്

ബംഗളൂരു : കര്‍ണാടകയില്‍ ഗവര്‍ണ്ണര്‍ ബിജെപിയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചതില്‍ പിടിച്ച് ദേശീയ തലത്തില്‍ പുതിയ പോര്‍മുഖം തുറന്ന് കോണ്‍ഗ്രസ്. അങ്ങനെയെങ്കില്‍ ഗോവയിലും, ബിഹാറിലും മണിപ്പൂരിലും, മേഘാലയയിലും ഇതേ രീതി നടപ്പാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം.

ഏറ്റവും വലിയ ഒറ്റക്കക്ഷിയെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുന്നതെങ്കില്‍,ആ കര്‍ണാടക മോഡല്‍ ദേശീയ തലത്തില്‍ മറ്റിടങ്ങളിലും നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയാണ്. ഗോവയില്‍ 16 കോണ്‍ഗ്രസ് എംഎല്‍എമാരും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും.

ബിഹാറിലും ഇതേ രീതി തുടരണമെന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍ജെഡിയും ആവശ്യപ്പെട്ടു. ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരിനെ പിരിച്ചുവിട്ട് ആര്‍ജെഡിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ആവശ്യപ്പെട്ടു.

മണിപ്പൂരിലും ഗോവയിലും കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ബിജെപിയുടെ കുതന്ത്രങ്ങളും കുതിരക്കച്ചവടവും ഗവര്‍ണര്‍മാരെ ഉപയോഗിച്ചുള്ള രാഷ്ട്രീയ നീക്കങ്ങളുമാണ് തിരിച്ചടിയായത്.

 

മണിപ്പൂരില്‍ 60 അംഗ സഭയില്‍ 28 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ആണ് ഏറ്റവും വലിയ കക്ഷിയായത്. ബിജെപിക്ക് 21 അംഗങ്ങളാണുള്ളത്.എന്നാല്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, ലോക് ജനശക്തി പാര്‍ട്ടി എന്നിവയിലെ അംഗങ്ങളുടെ പിന്‍തുണയോടെയാണ് ബിജെപി സര്‍ക്കാരുണ്ടാക്കിയത്.

ഇവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നില്ല. 17 സീറ്റുമായി ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസാണ്. 40 അംഗ സഭയില്‍ 21 അംഗങ്ങളുടെ പിന്‍തുണ കാണിച്ച് ഗവര്‍ണര്‍ക്ക് പട്ടികയും നല്‍കിയിരുന്നു.

 

എന്നാല്‍ ഇത് പരിഗണിക്കാതെ ബിജെപിയെ സര്‍ക്കാരുണ്ടാക്കാനാണ് ഗവര്‍ണര്‍ ക്ഷണിച്ചത്. ബിജെപിക്ക് 13 സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ. മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയുടെയും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് 21 അംഗങ്ങളുടെ പിന്തുണ ബിജെപി അവകാശപ്പെട്ടത്.

ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ബിജെപി നേതാവ് മനോഹര്‍ പരീക്കറിന് 15 ദിവസത്തെ സാവകാശവും നല്‍കി. കേവലം രണ്ട് സീറ്റുള്ള ബിജെപി മേഘാലയയില്‍ മറ്റ് കക്ഷികളെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here