കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് മാണി വിഭാഗത്തിന്

ന്യൂഡല്‍ഹി : കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസിന് നല്‍കി. സീറ്റ് വിട്ടുനല്‍കാന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയതോടെയാണ് തീരുമാനം.

മുന്നണിയുടെ പൊതു താത്പര്യം കണക്കിലെടുത്താണിതെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. പ്രത്യേക കേസായി കണക്കിലെടുത്താണ് സീറ്റ് വിട്ടുനല്‍കാന്‍ തീരുമാനിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞു.

വീണ്ടും ഒഴിവുവരുമ്പോള്‍ ആ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫിനെ ശക്തിപ്പെടുത്താനാണ് വിട്ടുവീഴ്ചയെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളുമായി ജോസ് കെ മാണി നടത്തിയ ചര്‍ച്ചയില്‍ രാജ്യസഭാ സീറ്റെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അതേസമയം മാണി വിഭാഗത്തിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന്‍, കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എംഎല്‍എമാരായ വിടി ബല്‍റാം, അനില്‍ അക്കര തുടങ്ങിയവര്‍ രംഗത്തെത്തിയിട്ടുണ്ട്.

നേതൃത്വത്തിന്റെ തീരുമാനം ആത്മഹത്യാപരമാണെന്നാണ് ഇവരുടെ നിലപാട്. മുന്നണി പ്രവേശനത്തിന് തയ്യാറാണെന്നും രാജ്യസഭാ സീറ്റ് നല്‍കണമെന്നും കെ എം മാണി ഉറച്ചുനിന്നതോടെയാണ് കോണ്‍ഗ്രസ് വെട്ടിലായത്.

ഇക്കാര്യത്തില്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസിന് ശക്തമായ പിന്‍തുണ നല്‍കി. ഇതോടെയാണ് സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായത്.

LEAVE A REPLY

Please enter your comment!
Please enter your name here