കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ കല്ലുകടി

ബംഗലൂരു : കുമാരസ്വാമി സര്‍ക്കാര്‍ അധികാരമേറ്റു നാളുകള്‍ കഴിയുന്നതിന് മുന്നേ തന്നെ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ കല്ലുകടികള്‍ ആരംഭിച്ചു. മന്ത്രി സ്ഥാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പറയത്തക്ക പ്രശ്‌നങ്ങളില്ലാതെ താരതമ്യേന രമ്യമായി പരിഹരിക്കാന്‍ ഇരു പാര്‍ട്ടികള്‍ക്കും സാധിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പ് വിഷയത്തില്‍ ഇരു പാര്‍ട്ടികളിലും ഭിന്നത മറ നീക്കി പുറത്തു വരുകയാണ്.

224 ആംഗ നിയമസഭ സീറ്റില്‍ 222 എണ്ണത്തില്‍ മാത്രമാണ് തിരഞ്ഞെടുപ്പ് നടന്നിരുന്നത്. ആര്‍അര്‍ നഗര്‍, ജയനഗര്‍ എന്നീ രണ്ടു മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാതിരുന്നത്. അനധികൃത വോട്ടിംഗ് ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആര്‍ ആര്‍ നഗറില്‍ തിരഞ്ഞെടുപ്പ് മാറ്റി വെച്ചിരുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി മരണപ്പെട്ടതിനെ തുടര്‍ന്നാണ് ജയനഗറിലെ തിരഞ്ഞെടുപ്പ് മാറ്റപ്പെട്ടത്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ രണ്ടു മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് അരങ്ങേറും. നിയമസഭയ്ക്കുള്ളില്‍ സഖ്യത്തിലാണെങ്കിലും കോണ്‍ഗ്രസിനും ജെഡിഎസ്സിനും ഈ രണ്ട് മണ്ഡലങ്ങളിലും അവരുടെ സ്വന്തം സ്ഥാനാര്‍ത്ഥികളുണ്ട്. കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറാണ് വിഷയത്തില്‍ ആദ്യത്തെ വെടി പൊട്ടിച്ചത്.

തങ്ങള്‍ ജെഡിഎസ്സിന് വേണ്ടി ഒരു പാട് ത്യാഗങ്ങള്‍ സഹിച്ച് നില്‍ക്കുകയാണെന്നും അതുകൊണ്ട് തന്നെ ഇത് മനസ്സിലാക്കി ജെഡിഎസ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കണമെന്നുമായിരുന്നു ഡി കെ ശിവകുമാറിന്റെ പരാമര്‍ശം. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു ഡികെയുടെ ഈ പരാമര്‍ശം.

എന്നാല്‍ വിഷയത്തില്‍ പ്രതികരണവുമായി ജെഡിഎസിന്റെ സമുന്നതനായ നേതാവ് ദേവഗൗഡ തന്നെ രംഗത്തെത്തി. സഖ്യമൊക്കെ നിയമസഭയ്ക്കുള്ളില്‍ മാത്രമാണെന്നും പുറത്ത് ജെഡിഎസ് പ്രവര്‍ത്തകരെ സംബന്ധിച്ചെടുത്തോളം സ്വന്തം പാര്‍ട്ടിയാണ് മുഖ്യമെന്നുമായിരുന്നു ദേവഗൗഡയുടെ പരാമര്‍ശം.

ഇതോടെ സഖ്യത്തില്‍ വരും ദിനങ്ങളില്‍ ചെറിയ വിള്ളലുകള്‍ ആരംഭിച്ചേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്ന സൂചന. നിലവില്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രിയടക്കം 22 മന്ത്രിസ്ഥാനങ്ങളും ജെഡിഎസ്സിന് 12 മന്ത്രിസ്ഥാനങ്ങളുമാണ് ധാരണ. ഇതില്‍ പൊതുമേഖല, റവന്യു, ധനകാര്യം, ജലം, വ്യവസായം എന്നീ വകുപ്പുകള്‍ തങ്ങള്‍ക്ക് വേണമെന്ന വാശിയിലാണ് ജനതാദള്‍. ഇതിനിടെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി സക്‌ലേഷ്പുരം എംഎല്‍എയും ജെഡിഎസ് നേതാവുമായിരുന്ന എച്ച് കെ ശര്‍മ്മയെ തിരഞ്ഞെടുത്തു.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here