പിന്‍തുണ ധരിപ്പിക്കാന്‍ എംഎല്‍എമാരുമായി രാജ്ഭവനില്‍

ബംഗളൂരു : ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്‍തുണ ഗവര്‍ണറെ ധരിപ്പിക്കാന്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യത്തിന്റെ സുപ്രധാന നീക്കം. ഇരുകക്ഷികളുടെയും എംഎല്‍എമാരുമായി നേതാക്കള്‍ രാജ്ഭവനിലെത്തി. എന്നാല്‍ 10 പേര്‍ക്ക് മാത്രമാണ് ഗവര്‍ണ്ണറുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചുള്ളൂ.

പ്രവേശനം അനുവദിക്കാത്തത് പ്രതിഷേധമുള്‍പ്പെടെയുള്ള നാടകീയ രംഗങ്ങള്‍ക്കിടയാക്കി. കോണ്‍ഗ്രസിന്റെ 75 ഉം ജെഡിഎസിന്റെ 35 ഉം എംഎല്‍എമാരെയാണ് രാജ്ഭവനിലെത്തിച്ചത്. പ്രവേശനാനുമതി ലഭിക്കാത്തതിനാല്‍ ബാക്കിയുള്ളവര്‍ക്ക് പുറത്തുനില്‍ക്കേണ്ടി വന്നു.

ബിഎസ്പി സ്വതന്ത്രന്റെ പിന്‍തുണയും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനുണ്ട്. ഭൂരിപക്ഷമുള്ള സഖ്യമായതിനാല്‍ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യ അവസരം തങ്ങള്‍ക്ക് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യം സ്വീകരിക്കപ്പെടുന്നില്ലെങ്കില്‍ സുപ്രീം കോടതിയെയും രാഷ്ട്രപതിയെയും സമീപിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

ബിജെപി നിയമസഭാ കക്ഷി നേതാവ് ബിഎസ് യെദ്യൂരപ്പ രാവിലെ ഗവര്‍ണ്ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചിരുന്നു. രാജ്ഭവനില്‍ നിന്ന് കോണ്‍ഗ്രസും ജെഡിഎസും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റും.

ബംഗളൂരു-മൈസൂരു റോഡിലുള്ള ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്കാണ് ഇവരെ മാറ്റുന്നത്. കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ ഈ റിസോര്‍ട്ടിലേക്കായിരുന്നു മാറ്റിയിരുന്നത്.

അതേസമയം ബിജെപിയും തങ്ങളുടെ എംഎല്‍എമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയേക്കുമെന്ന് സൂചനയുണ്ട്. ബിഎസ് യെദ്യൂരപ്പയോട് അകന്നുനില്‍ക്കുന്ന എംഎല്‍എമാര്‍ ജെഡിഎസ് പക്ഷത്തേക്ക് ചായുമോയെന്ന ഭീതിയെ തുടര്‍ന്നാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here