ജെഡിഎസിനെ പിന്‍തുണയ്ക്കാന്‍ കോണ്‍ഗ്രസ്

ബംഗളൂരു : കര്‍ണാടകയില്‍ ബിജെപിയെ ഭരണത്തില്‍ നിന്നകറ്റി നിര്‍ത്താന്‍ ജെഡിഎസ് നേതാവ്‌ കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ജെഡിഎസിന് നിരുപാധിക പിന്‍തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

മുതിര്‍ന്ന നേതാവ് സോണിയ ഗാന്ധി ജനതാദള്‍ നേതാവ് ദേവഗൗഡയുമായി ഫോണിലൂടെ നടത്തിയ ആശയവിനിമയമാണ് നിര്‍ണ്ണായകമായത്. ഇക്കാര്യം കാണിച്ച് കോണ്‍ഗ്രസും ജെഡിഎസും സംയുക്തമായി ഗവര്‍ണ്ണര്‍ക്ക് കത്തയച്ചു.

ജെഡിഎസിനെ സര്‍ക്കാരുണ്ടാക്കാന്‍ പിന്‍തുണയ്ക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും പാര്‍ട്ടി അദ്ധ്യക്ഷന്‍ ജി പരമേശ്വരയും ഹൈക്കമാന്‍ഡ് പ്രതിനിധി ഗുലാംനബി ആസാദും വ്യക്തമാക്കി.

കര്‍ണ്ണാടകയില്‍ തൂക്കുസഭ വന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ സുപ്രധാന നീക്കം. നിലവില്‍ ബിജെപി 104 സീറ്റിലും കോണ്‍ഗ്രസ് 77 സീറ്റിലും ജെഡിഎസ് 39 സീറ്റിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്.

ജെഡിഎസിനെ ഒപ്പം കൂട്ടിയാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള മാന്ത്രിക സംഖ്യയായ 113 സീറ്റിലെത്താം. അങ്ങനെയെങ്കില്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരണത്തിനാണ് ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ നീക്കം.

ബിഎസ്പി പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ രണ്ട് സ്വതന്ത്രന്‍മാര്‍ വിജയിച്ചുവന്നിട്ടുണ്ട്. ഇതില്‍ ബിഎസ്പി പിന്തുണയുള്ള വിജയി ഒപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ട്.

രണ്ടാമനെ കൂടെ നിര്‍ത്താന്‍ മന്ത്രി ഡികെ ശിവകുമാര്‍ ശ്രമം ഊര്‍ജ്ജിതമാക്കുകയും ചെയ്തു. 224 അംഗ നിയമസഭയാണ് കര്‍ണാടകയില്‍. ഇതില്‍ 222 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here