2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് രാഹുല്‍

ഡല്‍ഹി :കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസിന്റെ ജന്‍ ആക്രോശ് റാലി. ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപത്തുള്ള രാം ലീല മൈതാനിയില്‍ തിങ്ങി നിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കി കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങളെ വിമര്‍ശിച്ചു. രാജ്യത്തെമ്പാടുമുള്ള ഓരോ പൗരനോടും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമാകാനും അദ്ദേഹം ആഹ്വാനം ചെയ്തു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രചാരണങ്ങളുടെ തുടക്കമായും ജന്‍ ആക്രാശ് റാലി മാറി. ഉടന്‍ നടക്കാനിരിക്കുന്ന കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിലും പിന്നീട് രാജസ്ഥാന്‍, മധ്യപ്രദേശ് തിരഞ്ഞെടുപ്പുകളിലും തൊട്ടു പിന്നാലെയുള്ള 2019 ലോക്‌സഭാ ഇലക്ഷനിലും കോണ്‍ഗ്രസ് വിജയം സ്വന്തമാക്കുമെന്ന് റാലിയില്‍ രാഹുല്‍ അവകാശപ്പെട്ടു. കഴിഞ്ഞ 70 വര്‍ഷമായി രാജ്യത്ത് സ്‌നേഹവും സൗഹാര്‍ദ്ദവും നിറഞ്ഞ അന്തരീക്ഷം കോണ്‍ഗ്രസ് പാര്‍ട്ടി നിറച്ചപ്പോള്‍ ബിജെപി വെറുപ്പ് വിതയ്ക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

രാജ്യത്തെ കര്‍ഷകര്‍ ദുരിതത്തിലാണ്, എന്നാല്‍ അവരുടെ കടങ്ങള്‍ എഴുതി തള്ളുവാന്‍ തയ്യാറാവാതെ മോദി വന്‍കിട കോര്‍പ്പറേറ്റുകളുടെ പണം എഴുതി തള്ളുകയാണെന്നും രാഹുല്‍ പറഞ്ഞു. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളാന്‍ താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. കോണ്‍ഗ്രസ് ഇല്ലായിരുന്നുവെങ്കില്‍ രാജ്യത്തെ കര്‍ഷകരുടെ ഭൂമി മുഴുവന്‍ പ്രധാന മന്ത്രി തട്ടിയെടുത്തേനെയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനത്തേയും രാഹുല്‍ വേദിയില്‍ കടന്നാക്രമിച്ചു. ഒരു അജണ്ടയുമില്ലാതെയാണ് മോദി ചൈനയിലേക്ക് പോയത്, അവിടെ വെച്ച് ചൈനീസ് പ്രസിഡണ്ടുമായി ചായ കുടിച്ച് രസിച്ച് ഇരിക്കുകയായിരുന്നു മോദിയെന്നു രാഹുല്‍ പറഞ്ഞു. ചൈനയാകട്ടെ അതിര്‍ത്തിയില്‍ ഈ സമയം ഹെലിപാഡുകളും വിമാനത്താവളങ്ങളും നിര്‍മ്മിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ എവിടെ ചെന്നാലും താന്‍ ജനങ്ങളോട് നിങ്ങള്‍ സന്തുഷ്ടരാണോ എന്ന് ചോദിക്കും എന്നാല്‍ എല്ലായിടത്തും അല്ലാ എന്ന മറുപടിയാണ് ലഭിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

എല്ലാ മതങ്ങളെയും ജനങ്ങളെയും ഉള്‍ക്കൊള്ളുക എന്നുള്ളത് ഇന്ത്യയുടെ ഡിഎന്‍എയില്‍ ഉള്ളതാണെന്നും അതാണ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

രാജ്യത്ത് എങ്ങും കള്ളങ്ങളും വിദ്വേഷങ്ങളും കൊണ്ട് നിറയുകയാണെന്നും രാജ്യത്തെ ജ്യുഡീഷറി അപകടത്തിലാണെന്നും സോണിയാ ഗാന്ധി ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും ഇത് അനുവദിച്ച് കൊടുക്കില്ലെന്നും സോണിയാ ഗാന്ധി വ്യക്തമാക്കി. രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്ന് മുന്നറിയിപ്പ് നലകിയ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ഓരോ വ്യക്തിയും ഇതിന്റെ സംരക്ഷണത്തിനായി മുന്നോട്ടിറങ്ങണമെന്നും ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here