ഭാരതം 69ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍; അതിഥികളായി പത്ത് രാഷ്ട്രത്തലവന്‍മാര്‍; രാജ്യം കനത്ത സുരക്ഷയില്‍

ന്യൂഡല്‍ഹി : രാജ്യം 69ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍. 9 മണിയോടെ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ദേശീയ പതാകയുയര്‍ത്തിയതോടെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായത്. ഇന്ത്യാഗേറ്റിലെ അമര്‍ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിച്ചു.തുടര്‍ന്ന് സേനാ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിച്ചു. കര നാവിക വ്യോമ സേനാ ബറ്റാലിയനുകളുടെ പരേഡേില്‍ രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു.രാജ്പഥിനെ ത്രസിപ്പിച്ച് കര നാവിക വ്യോമ സേനകളുടെ പരേഡ് പുരോഗമിക്കുകയാണ്.രാജ്യത്തിന്റെ സൈനിക ശക്തി വിളിച്ചോതുന്നതാണ് പരേഡ്. സംസ്‌കാരിക പാരമ്പര്യവും വൈവിധ്യവും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങളും അണിനിരക്കുന്നു. ചരിത്രത്തിലാദ്യമായി പത്ത് രാഷ്ട്രത്തലവന്‍മാരാണ് അതിഥികളായെത്തിയിരിക്കുന്നത്.ലാവോസ്, ഇന്‍ഡോനേഷ്യ, മലേഷ്യ മ്യാന്‍മാര്‍, ഫിലിപ്പെയ്ന്‍സ് തായ്‌ലന്‍ഡ്, വിയറ്റ്‌നാം, ബ്രൂണെയ്, കമ്പോഡിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടെ തലവന്‍മാരാണ് അതിഥികള്‍.അതേസമയം കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യമെമ്പാടും ഒരുക്കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ സൈന്യം കര്‍ശന ജാഗ്രത പാലിക്കുകയാണ്. പാക് പിന്‍തുണയോടെ ഭീകരര്‍ നുഴഞ്ഞുകയറിയേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. ഡല്‍ഹിയില്‍ അറുപതിനായിരം സേനാംഗങ്ങളാണ് സുരക്ഷയൊരുക്കുന്നത്. സിസിടിവി ചിത്രീകരണവും സജ്ജമാക്കിയിട്ടുണ്ട്.രാജ്പഥ് മുതല്‍ ചെങ്കോട്ട വരെ, നിറയൊഴിക്കലില്‍ വൈദഗ്ധ്യമുള്ളവരെയടക്കമാണ് വിന്യസിച്ചത്. വ്യോമസേനയുടെ നിരീക്ഷണവും ഡ്രോണ്‍ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. തിരക്കേറിയ നഗരങ്ങളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഗതാഗതം സുഗമമാക്കുന്നതിന് 1500 പേരെ സെന്‍ട്രല്‍ ഡല്‍ഹിയില്‍ വിന്യസിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി വിമാനത്താവളം വഴി 10.35 മുതല്‍ 12.15 വരെ വിമാനങ്ങള്‍ സര്‍വീസ് നടത്തില്ല. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ പി സദാശിവം ദേശീയ പതാക ഉര്‍ത്തി റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായിരുന്നു.തുടര്‍ന്ന് വിവിധ സേനാവിഭാഗങ്ങളും പൊലീസും എന്‍സിസി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും പങ്കെടുത്ത വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റും നടന്നു. ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാരും പതാക ഉയര്‍ത്തി.

Picture Courtesy – Manorama Online

LEAVE A REPLY

Please enter your comment!
Please enter your name here