കത്വ; രാജ്യമനസ്സാക്ഷിക്കേറ്റ മുറിവ്

ന്യൂഡല്‍ഹി : എട്ടുവയസ്സുകാരിയായിരുന്നു അവള്‍. പാല്‍പ്പുഞ്ചിരിതൂകി ഇനിയുമേറെ പാറിപ്പറന്നുല്ലസിക്കേണ്ടിയിരുന്നവള്‍. ആ നിഷ്‌കളങ്ക ബാല്യത്തെയാണ് നരാധമന്‍മാര്‍ പിച്ചിച്ചീന്തിയെറിഞ്ഞത്. ആ കുഞ്ഞിനോട് ചെയ്ത ക്രൂരതയുടെ കുറ്റപത്രവിവരണം കരളലിയിക്കും. രാജ്യമനസ്സാക്ഷിക്കേറ്റ മുറിവാണ് ആ പെണ്‍കുട്ടി. പലവിധ അവകാശവാദങ്ങളില്‍ അഭിരമിക്കുന്ന രാജ്യം, കനലായി നീറുന്ന അവളുടെ ഓര്‍മ്മയില്‍ തലകുനിക്കണം.

ജമ്മു പട്ടണത്തിനടുത്ത കത്വായിലെ രസന ഗ്രാമവാസിയായ 8 വയസ്സുകാരിയെ ജനുവരി 10 നാണ് കാണാതാവുന്നത്. വീടിന് സമീപത്തുള്ള വനപ്രദേശത്ത് കുതിരയെ മേയ്ക്കാന്‍ കൊണ്ടുപോയതായിരുന്നു അവള്‍. മകള്‍ തിരികെ വരാഞ്ഞപ്പോള്‍, പിതാവ് മുഹമ്മദ് യൂസഫും അയല്‍വാസികളുമെല്ലാം അവളെത്തേടിയലഞ്ഞു. ആ കുഞ്ഞുപാദങ്ങള്‍ പിന്നിട്ട വഴികളിലെല്ലാം കണ്ണീര്‍ വിങ്ങുന്ന മനസ്സുമായി യൂസഫ് അവളെ തിരഞ്ഞു.

പോറലേല്‍ക്കാതെ അവളെ തിരികെ കിട്ടാന്‍ ഉള്ളുരുക്കത്തോടെ പടച്ചവനോട് പ്രാര്‍ത്ഥിച്ചു. അവള്‍ക്കായുള്ള വിളികള്‍ ആ താഴ്‌വരയില്‍ മുഴങ്ങിയൊടുങ്ങി. പന്ത്രണ്ടാം തിയ്യതി ഹീരാനഗര്‍ സ്റ്റേഷനില്‍ മുഹമ്മദ് യൂസഫ് പരാതി നല്‍കി. നാളുകള്‍ പിന്നിടുമ്പോള്‍ ആധിപെരുത്തുകൊണ്ടിരുന്നു. ഒടുവില്‍, കാണാതായി ഏഴുനാളുകള്‍ക്കിപ്പുറം ആ കുരുന്നിന്റെ മൃതദേഹം കണ്ടെത്തി. ക്രൂരമായ ബലാത്സംഗത്തിനും മര്‍ദ്ദനമുറകള്‍ക്കും ഇരയായി അവള്‍ ചേതനയറ്റുകിടന്നു.

റവന്യൂവകുപ്പില്‍ നിന്ന് വിരമിച്ച സഞ്ജിറാം ആണ് പിന്നിലെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ ബക്കര്‍വാള്‍ സമൂഹം പ്രക്ഷോഭം കനപ്പിച്ചു. ഇതോടെ സഞ്ജിറാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മരുമകനെതിരെ പൊലീസ് കേസെടുത്തു. ജനുവരി 22 ന് കേസ് ക്രൈംബ്രാഞ്ചിന് വിടുകയും ചെയ്തു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ക്രൂരമായ ബലാത്സംഗത്തിന്റെയും നിഷ്ഠൂരമായ നരഹത്യയുടെയും ചുരുളഴിഞ്ഞത്.സഞ്ജിറാം,മകന്‍ വിശാല്‍ ഗംഗോത്ര, പ്രായപൂര്‍ത്തിയാകാത്ത മരുമകന്‍, പൊലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സരീന്ദര്‍ കുമാര്‍, പര്‍വേഷ് കുമാര്‍, എഎസ്‌ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക്രാജ്, എന്നിവര്‍ പിടിയിലായി. ദത്തയും തിലക്രാജും ഒഴികെയുള്ളവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു.

മയക്കുമരുന്ന് നല്‍കിയായിരുന്നു ക്രൂരമായ ലൈംഗിക പീഡനം. തുടര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. രസനയിലെ മുസ്ലിം ആട്ടിടയസമൂഹമായ ബക്കര്‍വാളുകളെ ഭയപ്പെടുത്തി ഓടിക്കാനാണ് പിഞ്ചുകുഞ്ഞിനെ ദാരുണമായി വകവരുത്തിയത്. 15 ല്‍ താഴെ ബ്രാഹ്മണകുടുംബങ്ങള്‍ ഉള്ള ഇവിടെ 20 ഓളം ബക്കര്‍വാളുകള്‍ സ്ഥലം വാങ്ങി വീടുവെച്ചതാണ് ഹൈന്ദവ സമൂഹത്തെ ചൊടിപ്പിച്ചത്.

ഇവരെ ഭയാശങ്ക പരത്തി തുരത്താനുള്ള പദ്ധതിയായിരുന്നു ഈ കൃത്യം. വന്‍ ഗൂഢാലോചനയാണ് ഇതിനായി പ്രതികള്‍ നടത്തിയത്. സഞ്ജിറാമായിരുന്നു ആസൂത്രകന്‍. ഖജൂരിയയും സുഹൃത്ത് വിക്രമും ചേര്‍ന്ന് മയക്കുമരുന്ന് സംഘടിപ്പിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ചുമതല സഞ്ജിറാം മരുമകനെ ഏല്‍പ്പിച്ചു. കുതിര കാട്ടിലേക്ക് ഓടിപ്പോയെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത ഇയാള്‍ കുട്ടിയെ ഒപ്പം കൂട്ടി.

അയാള്‍ക്കൊപ്പം പര്‍വേശ് എന്നയാളുമുണ്ടായിരുന്നു. അല്‍പ്പം നടന്ന ശേഷം കുട്ടി തിരികെ പോരാന്‍ ശ്രമിച്ചതോടെ ഇരുവരും ചേര്‍ന്ന് അവളെ വാപൊത്തി വലിച്ചിഴച്ചു. അപ്രതീക്ഷിത ആക്രമണത്തില്‍ അവള്‍ ബോധരഹിതയായി. ഇതോടെ പ്രായപൂര്‍ത്തിയാകാത്ത പ്രതി അവിടെവെച്ച് കുട്ടിയെ ബലാത്സംഗം ചെയ്തു. ഒപ്പമുള്ള പര്‍വേശും പീഡിപ്പിച്ചു. തുടര്‍ന്ന് പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി അവളെ സമീപത്തെ ദേവസ്ഥാനത്തെത്തിച്ച് പ്രാര്‍ത്ഥനാമുറിയില്‍ അടച്ചു.

തുടര്‍ന്ന് ഖജൂരിയയുടെ നേതൃത്വത്തില്‍ മയക്കുഗുളിക കുട്ടിയുടെ വായില്‍ തിരുകി. അവിടെ വെച്ച് കുട്ടിയ ബലാത്സംഗം ചെയ്തു. മീററ്റിലായിരുന്ന വിശാല്‍ ഗംഗോത്രയെ കാമപൂര്‍ത്തീകരണത്തിനായി വിളിച്ചുവരുത്തി. എന്നാല്‍ രാജ് എന്ന പൊലീസുകാരന്‍ സംഭവം മണത്തറിഞ്ഞു. കൃത്യം മൂടിവെയ്ക്കാന്‍ ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടു. ഒന്നര ലക്ഷം രൂപയാണ് ഇയാള്‍ കൈപ്പറ്റിയത്.

മീററ്റില്‍ നിന്നെത്തിയ വിശാല്‍ ഗംഗോത്രയുള്‍പ്പെടെ പ്രതികള്‍ കുഞ്ഞിനെ മാറിമാറി ക്രൂരമായി പീഡിപ്പിച്ചു. പെണ്‍കുട്ടിയെ ചില പൂജകള്‍ക്കും വിധേയയാക്കി. തുടര്‍ന്ന് ജനുവരി 15 നാണ് വനമേഖലയിലെ ഒരു കലുങ്കിന്റെ അടിയില്‍ കുട്ടിയെ എത്തിച്ചത്.കൊല്ലുന്നതിന് മുന്‍പ് ഒരിക്കല്‍ കൂടി കാമമോഹം തീര്‍ക്കാന്‍ ഒപ്പമുള്ളവരോട് മാറിനില്‍ക്കാന്‍ ഖജൂരിയ ആവശ്യപ്പെട്ടു.

കുട്ടിയെ വീണ്ടും ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ഖജൂരിയ തന്റെ ഇടതുകാലി
നിടയില്‍ വെച്ച് അവളുടെ കഴുത്തു ഞെരിച്ചു. എന്നിട്ടും മരിച്ചില്ലെന്ന് കണ്ടതോടെ ഷോള്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. മരണമുറപ്പാക്കാന്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചതായും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. ഒരിളം പൈതലിനോട് ചെയ്ത ക്രൂരതകളുടെ പട്ടികയാണിത്. രാജ്യം തലകുനിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here