കുതിരയെ വാങ്ങിയ യുവാവിനെ തല്ലിക്കൊന്നു

ഭാവ്‌നഗര്‍: കുതിരയെ വാങ്ങുകയും സവാരി നടത്തുകയും ചെയ്ത ദളിത് യുവാവിനെ ഒരുസംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്‌നഗറിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയിലാണ് പ്രദീപിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

സമീപത്തായി കുതിരയെയും ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. കൃഷിയിടങ്ങളിലെ ആവശ്യങ്ങള്‍ക്കായി രണ്ട് മാസം മുമ്പാണ് പ്രദീപ് എന്ന ഇരുപത്തിയൊന്നുകാരന്‍ കുതിരയെ വാങ്ങിയത്.

എന്നാല്‍ അന്ന് മുതല്‍ പ്രദീപിന് ഭീഷണികള്‍ ഉണ്ടായിരുന്നു. ദളിത് കുടുംബം കുതിരയെ വളര്‍ത്തുന്നതില്‍ സവര്‍ണരായ ഗ്രാമവാസികളില്‍ ചിലര്‍ക്ക് വൈരാഗ്യം ഉണ്ടായിരുന്നതായി പ്രദീപിന്റെ പിതാവ് വെളിപ്പെടുത്തി. നിരന്തരമായ ഭീഷണിയെത്തുടര്‍ന്ന് കുതിരയെ വില്‍ക്കാന്‍ പ്രദീപ് ഒരുങ്ങുന്നതിനിടയിലാണ് ക്രൂരമായ സംഭവം നടന്നത്.

കൃഷിയിടത്തിലേക്ക് പോയ മകന്‍ ഏറെ കഴിഞ്ഞിട്ടും വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങുകയായിരുന്നു പിതാവ്. തുടര്‍ന്നാണ് മകന്റെ മൃതദേഹം ഫാമിനടുത്തായി കണ്ടെത്തുന്നത്. തൊട്ടടുത്ത് തന്നെ കുതിരയെയും ചത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here