ദളിത് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

രാജ്‌കോട്ട് :ദളിത് യുവാവിനെ കെട്ടിയിട്ടതിന് ശേഷം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വരുന്നത്. പ്രമുഖ ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

ഗുജറാത്ത് ദളിതര്‍ക്ക് സുരക്ഷിതമല്ല എന്ന ഹാഷ്ടാഗോട് കൂടിയാണ് ജിഗ്നേഷ് മേവാനി ഈ ദൃശ്യങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. കമ്പനി മുതലാളിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രണ്ട് പേര്‍ ചേര്‍ന്ന് ഒരു ദളിത് യുവാവിനെ മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളില്‍. മുകേഷ് വാനിയ എന്ന വ്യക്തിയാണ് ഈ വിധം മരണപ്പെട്ടത്. സംഭവത്തില്‍ മുകേഷിന്റെ ഭാര്യക്കും മര്‍ദ്ദനമേറ്റതായി ആരോപണമുണ്ട്.

ഗുരുതരമായി മര്‍ദ്ദനമേറ്റ ദളിത് യുവാവ് പിന്നീട് മരണപ്പെടുകയായിരുന്നു. ഉന്വയില്‍ ദളിതര്‍ക്ക് നേരെ നടന്ന അതിക്രമത്തേക്കാള്‍ നികൃഷ്ടമെന്നാണ് ജിഗ്നേഷ് സംഭവത്തെ വിശേഷിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുകേഷും ഭാര്യയും പഴയ സാധനങ്ങള്‍ പെറുക്കി വില്‍ക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവരാണെന്ന് പൊലീസ് വ്യക്തമാക്കി. രാജ്‌കോട്ടിലെ ഈ കമ്പനിയുടെ പരിസര പ്രദേശങ്ങളില്‍ ജോലിയുടെ ഭാഗമായി ചുറ്റിക്കറങ്ങവേ കള്ളനാണെന്ന് തെറ്റിദ്ധരിച്ച ഉടമയും തൊഴിലാളികളും ഇവരെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. തുടര്‍ന്ന് കമ്പനിക്കുള്ളിലേക്ക് കൊണ്ടു പോയി മര്‍ദ്ദിക്കുവാന്‍ ആരംഭിക്കുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here