മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷം

ജിദ്ദാ :കാറപകടത്തില്‍ മരണപ്പെട്ട മദ്ധ്യവയസ്‌കയെ വാഹനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയത് സംഭവം നടന്ന് 5 മണിക്കൂറുകള്‍ക്ക് ശേഷം. സൗദി അറേബ്യയിലെ അബാ-മഹായെല്‍ ഹൈവേയില്‍ വെച്ച് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോട് കൂടിയാണ് അപകടം നടന്നത്.

എന്നാല്‍ അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാറിനുള്ളില്‍ ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നുവെന്ന് പൊലീസിന് മനസ്സിലാകുന്നത് രാത്രി 7 മണിയോട് കൂടിയാണ്. 48 വയസ്സുകാരിയായ സാഹിയാ ബിന്‍ ജാബേര്‍ അസീറിയുടെ മൃതദേഹമാണ് പൊലീസ് ഈ വിധം മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തിയത്.

സമീപത്തെ സ്‌കൂളില്‍ അധ്യാപികയായി ജോലി നോക്കി വരികയായിരുന്നു സാഹിയ. മകന്‍ ഹസ്സന്‍ അസ്സീറിയുമോടൊത്ത് കാറില്‍ യാത്ര ചെയ്യവെയായിരുന്നു ഹൈവേയില്‍ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹസ്സനേയും കൂട്ടിയിടിക്കപ്പെട്ട കാറിലുണ്ടായിരുന്ന രണ്ട് പേരെയും പൊലീസ് ഉടനടി ആശുപത്രിയിലെത്തിച്ചു.

ശേഷം അപകടം പറ്റിയ കാറുകള്‍ സൂക്ഷിക്കുന്ന ഇടത്തേക്ക് വാഹനങ്ങളെ മാറ്റി. പുറകിലത്തെ സീറ്റില്‍ സാഹിയ ഉണ്ടായിരുന്ന കാര്യം പൊലീസുകാര്‍ ശ്രദ്ധിച്ചിരുന്നില്ല. മണിക്കൂറുകള്‍ക്ക് ശേഷം ഹസ്സനെ കാണുവാന്‍ എത്തിയ സഹോദരന്‍ അമ്മയെ ആശുപത്രിയില്‍ കാണാത്തതിനെ തുടര്‍ന്ന് ഒച്ചവെച്ചു.

ഇതിനെ തുടര്‍ന്നാണ് പൊലീസുകാര്‍ വീണ്ടും കാറ് പുറത്തെടുത്ത് തിരച്ചില്‍ നടത്തിയത്. പരിശോധനയില്‍ പുറകിലെ സീറ്റില്‍ നിന്നും സാഹിയ ജാബേറിനെ കണ്ടെത്തുകയായിരുന്നു.

മൃതദേഹം കാറിനകത്ത് നിന്നും കണ്ടെത്തുമ്പോള്‍ സാഹിയയുടെ മുഖത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും രക്തം കട്ട പിടിച്ച നിലയിലായിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here