മയക്കുമരുന്നുമായി മധ്യവയസ്‌കന്‍ പിടിയില്‍

ദുബായ് :ഇഫ്താര്‍ സമയത്തിനിടെ പൊലീസിന്റെ കണ്ണു വെട്ടിച്ച് മയക്കു മരുന്നുകള്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ച മധ്യവയസ്‌കനെ അബുദാബി പൊലീസ് പിടികൂടി. ഇയാളില്‍ നിന്നും 3000 മയക്കുമരുന്ന് ഗുളികകള്‍ പൊലീസ് കണ്ടെടുത്തു.

53 വയസ്സുകാരനായ മധ്യവയസ്‌കനാണ് പിടിയിലായതെന്ന് ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടര്‍ കേണല്‍ താഹര്‍ ഗരീബ് അല്‍ ദഹേരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മഗരീബ് പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് മരുന്നുകളുടെ വില്‍പ്പന നടത്താമെന്നായിരുന്നു ഇയാള്‍ കരുതിയിരുന്നത്.

ഈ സമയം പൊലീസുകാരടക്കം പ്രാര്‍ത്ഥനയിലായിരിക്കുന്നത് കൊണ്ട് തന്നെ പിടിക്കപ്പെടില്ലായെന്നും ഇയാള്‍ കരുതി. എന്നാല്‍ പൊലീസിന് ഇയാളുടെ നീക്കങ്ങളെ പറ്റി നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. ഇയാളുടെ നീക്കങ്ങളും പൊലീസ് പ്രത്യേകം നിരീക്ഷിച്ചു വരികയായിരുന്നു.

‘അണ്ടര്‍ ദ മൈക്രോസ്‌കോപ്പ് ‘എന്നായിരുന്നു ഈ ഓപ്പറേഷന് അബുദാബി പൊലീസ് നല്‍കിയ പേര്. ഇതു പ്രകാരം മഗ്‌രീബ് സമയത്ത് ഇയാള്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. മയക്ക് മരുന്നിന് പുറമേ കുറച്ച് പണവും മധ്യവയസ്‌കന്റെ കയ്യില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

താന്‍ പിടിക്കപ്പെട്ടുവെന്ന കാര്യം ഇയാള്‍ക്ക് ആദ്യം വിശ്യസിക്കാന്‍ പോലും സാധിച്ചില്ല. ഈ സമയം പൊലീസുകാര്‍ ആരും ഉണ്ടാവില്ലെന്നായിരുന്നു മധ്യവയസ്‌കന്റെ ധാരണ. കഴിഞ്ഞ വര്‍ഷം സമാന സാഹചര്യത്തില്‍ 75 കിലോ കഞ്ചാവും അബുദാബി പൊലീസ് പിടികൂടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here