ബിജെപി നേതാക്കള്‍ക്ക് നേരെ ആക്രമണം

ഡല്‍ഹി :അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടില്‍ വെച്ച് ബിജെപി നേതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. താമസത്തിനായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ വ്യാപാര ആവശ്യത്തിനായി ഉപയോഗിക്കുന്ന പക്ഷം അവ മുദ്ര വെച്ച് അടച്ചിടാന്‍
ബിജെപി നിയന്ത്രണത്തിലുള്ള ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഉത്തരവിറക്കിയിരുന്നു. വിഷയത്തില്‍ പൊതുജനത്തിന്റെ ഭാഗത്ത് നിന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍  ചര്‍ച്ച ചെയ്യാന്‍ കെജരിവാളിന്റെ വീട്ടില്‍ വെച്ച് നടന്ന യോഗമാണ് ഒടുവില്‍ കയ്യേറ്റത്തിലും അതിക്രമത്തിലും കലാശിച്ചത്.എംഎല്‍എമാരും എംപിമാരും മേയര്‍മാരും അടങ്ങിയ ബിജെപി സംഘമാണ് ഡല്‍ഹി മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ എത്തിയത്. എന്നാല്‍ ചര്‍ച്ചയ്ക്കിടയില്‍ വെച്ച് ബിജെപി നേതാക്കള്‍ ഇറങ്ങി പോവുകയായിരുന്നു. വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരു തുറന്ന ചര്‍ച്ചയാകാം എന്ന കെജ്‌രിവാളിന്റെ നിലപാടാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്.ഇതിനെ തുടര്‍ന്ന് യോഗത്തില്‍ നിന്നും ഇറങ്ങി പോകാനൊരുങ്ങവെയാണ് വീടിന് മുന്നില്‍ തടിച്ച് കൂടിയ ജനക്കൂട്ടം ബിജെപി വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതും നേതാക്കളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും. പൊലീസ് വളരെ പാടു പെട്ടാണ് ബിജെപി നേതാക്കളെ ജനക്കൂട്ടത്തില്‍ നിന്നും രക്ഷിച്ചത്.ആം ആദ്മി പ്രവര്‍ത്തകര്‍ ഗുണ്ടകളെ പോലെയാണ് തങ്ങളോട് പെരുമാറിയതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. അതേ സമയം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മുദ്ര വെക്കല്‍ നടപടികള്‍ക്കെതിരെ സ്റ്റേ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഡല്‍ഹി സര്‍ക്കാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here