കോട്ടയം പുഷ്പനാഥ് അന്തരിച്ചു

കോട്ടയം: പ്രമുഖ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ കോട്ടയത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.

പുഷ്പനാഥന്‍ പിള്ള എന്നാണ് ശരിയായ പേര്. മുന്നൂറിലേറെ നോവലുകള്‍ രചിച്ചിട്ടുള്ള പുഷ്പനാഥ് അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അധ്യാപകനായിരിക്കെ തന്നെ ഡിക്ടറ്റീവ് നോവലുകളെഴുതി ശ്രദ്ധേയനായ ഇദ്ദേഹം വിരമിച്ചതിന് ശേഷവും എഴുത്ത് തുടര്‍ന്നു.

തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേയ്ക്ക് പല നോവലുകളും തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികള്‍ ചലച്ചിത്രമാക്കപ്പെട്ടു. മനോരാജ്യം വാരികയില്‍ ചുവന്ന മനുഷ്യന്‍ എന്ന ആദ്യനോവല്‍ പ്രസിദ്ധീകരിച്ചതോടെയാണ് കോട്ടയം പുഷ്പനാഥ് അറിയപ്പെട്ടു തുടങ്ങിയത്.

കഴിഞ്ഞ മാസം 10ന് ഇദ്ദേഹത്തിന്റെ മകന്‍ സലിം പുഷ്പനാഥ് റിസോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. വന്യജീവിട്രാവല്‍ഫുഡ് ഫോട്ടോഗ്രാഫറായിരുന്ന സലിമിന്റെ അപ്രതീക്ഷിത മരണം അദ്ദേഹത്തെ തകര്‍ത്തിരുന്നു. മറിയാമ്മയാണ് ഭാര്യ. സീനു പുഷ്പനാഥ്, ജെമി പുഷ്പനാഥ് എന്നിവരാണ് മറ്റ് മക്കള്‍

LEAVE A REPLY

Please enter your comment!
Please enter your name here