9 മണിക്ക് കടയടയ്ക്കണമെന്ന പ്രചരണം വ്യാജം

റിയാദ് : സൗദിയില്‍ രാത്രി ഒന്‍പത് മണിയോടെ കടകള്‍ അടയ്ക്കണമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയം. ഒന്‍പതുമണിയോടെ കടകളടയ്ക്കണമെന്ന നിയമം നടപ്പിലായെന്ന തരത്തില്‍ വ്യാപക പ്രചരണം നടക്കുന്ന പശ്ചാത്തലത്തിലാണ് തൊഴില്‍-സാമൂഹിക മന്ത്രാലയത്തിന്റെ വിശദീകരണം.

രാത്രി ഒന്‍പത് മണിക്ക് കട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയം മന്ത്രാലയം പഠിച്ചുവരുന്നേയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് ചില പ്രചരണങ്ങള്‍ വ്യാപകമായത്.

വ്യാപാര സ്ഥാപനങ്ങള്‍ രാത്രി ഒന്‍പത് മണിക്ക് അടയ്ക്കണമെന്ന് നിയമം പ്രാബല്യത്തിലാക്കിയെന്നായിരുന്നു സന്ദേശം. ഇതോടെയാണ് മന്ത്രാലയം നിജസ്ഥിതി വെളിപ്പെടുത്തി രംഗത്തെത്തിയത്.

വിവിധ വശങ്ങള്‍ പഠിച്ചുമാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. രാത്രിയില്‍ ഒന്‍പതുമണിയോടെ കടകള്‍ അടയ്ക്കണമെന്ന നിര്‍ദേശം ഏറെ നാളായി മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.

വിഷയത്തില്‍ സമഗ്രമായ പഠനം നടന്നുവരികയാണ്. നേരത്തേ കടകള്‍ അടയ്ക്കുന്നതിന്റെ ഗുണഫലങ്ങളും ദോഷവശങ്ങളും പരിശോധിക്കേണ്ടതുണ്ട്. ഇവയെല്ലാം കണക്കിലെടുത്തേ അന്തിമ പ്രഖ്യാപനമുണ്ടാവുകയുള്ളൂ.

ഔദ്യോഗിക അറിയിപ്പ് വരാതെ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരണങ്ങള്‍ നടത്തുന്നത് നിയമവിരുദ്ധമാണ്. ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here