ഡീസല്‍ കള്ളക്കടത്ത് സംഘം അറസ്റ്റില്‍

ചെന്നൈ :വ്യാജകമ്പനികളുണ്ടാക്കി ദുബായില്‍ നിന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ഡീസല്‍ കള്ളക്കടത്ത് നടത്തി വന്നിരുന്ന റാക്കറ്റ് പിടിയിലായി. ആന്ധ്രാ പ്രദേശ് ഇന്റലിജന്‍സ് വകുപ്പിന്റെ സഹായത്തോടെ റവന്യു ഇന്റലിജന്‍സ് വകുപ്പാണ് പ്രതികളെ പിടികൂടിയത്. സംഘത്തിലെ പ്രധാനികളായ
നാല് പേരാണ് അറസ്റ്റിലായിരിക്കുന്നത്.

ഈ ആശയത്തിന് പിന്നിലെ പ്രധാന സൂത്രധാരനും ഹവാല ഇടപാടുകളിലെ മുഖ്യ കണ്ണിയും അറസ്റ്റിലായ നാല് പേരില്‍ ഉള്‍പ്പെടുന്നതായി റവന്യു ഇന്റലിജന്‍സ് അറിയിച്ചു. ആന്ധ്രാ പ്രദേശിലെ കാക്കിനട കേന്ദ്രികരിച്ചായിരുന്നു കള്ളക്കടത്ത് സംഘത്തിന്റെ പ്രവര്‍ത്തനം.

ഇവിടെ ഇവര്‍ക്ക് ഒരു സംഭരണ പ്ലാന്റും തൊട്ടടുത്തായി വിതരണം ശൃംഖലകളും ഉണ്ട്. എണ്ണ കമ്പനികള്‍ക്ക് മാത്രമാണ് നിലവില്‍ ഡീസല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യാനുള്ള അനുവാദമുള്ളു. ഇതിനാല്‍ തന്നെ ദുബായില്‍ വ്യാജ എണ്ണ കമ്പനികള്‍ ഉണ്ടാക്കിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. സാഫ് പെട്രോളിയം, ആദിത്യ മറൈന്‍ എന്നീ സ്ഥാപനങ്ങളുടെ പേരില്‍ 14 കണ്ടൈനറോളം എണ്ണ ചെന്നൈ തുറമുഖം വഴി സംഘം കടത്തിയിട്ടുണ്ട്.

മിനറല്‍ സ്പിരിറ്റ് എന്ന് പറഞ്ഞാണ് ഇവര്‍ ദുബായില്‍ നിന്നും ഡിസല്‍ കടത്തി വന്നിരുന്നത്. ചെന്നൈ തുറമുഖത്തിലേക്കായിരുന്നു കപ്പലുകളില്‍ മിനറല്‍ സ്പിരിറ്റ് എന്ന വ്യാജേന സീഡല്‍ എത്തിക്കൊണ്ടിരുന്നത്. ഇവിടെ നിന്നും തമിഴ്‌നാടിലെ മറ്റ് പ്രദേശങ്ങള്‍, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലേക്കും ഡിസല്‍ വിതരണം ചെയ്യുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

യഥാര്‍ത്ഥ വിലയേക്കാള്‍ 60 ശതമാനം കുറച്ചാണ് ഇറക്കുമതി രേഖകളില്‍ ഇവര്‍ രേഖപ്പെടുത്താറുള്ളത്. ഇതുവഴി വന്‍ തോതില്‍ കള്ളപ്പണവും ഇവരുടെ കയ്യില്‍ കുമിഞ്ഞ് കൂടിയിരിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തി. സംഘത്തിന്റെ കൂടുതല്‍ ഹവാല ഇടപാടുകളെ സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 17 മുതല്‍ ഇന്റലിജന്‍സ് വിഭാഗം ആന്ധ്ര, തമിഴ്‌നാട് മേഖലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സംഘം പിടിയിലാവുന്നത്. 17.7 കോടി രൂപയുടെ ഡീസല്‍ ഇവര്‍ ഈ കാലയളവിനിടയില്‍ കടത്തിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here