കൊച്ചു മിടുക്കി നേടിയെടുത്തത് സ്വപ്‌ന തുല്യമായ നേട്ടം

ന്യൂഡല്‍ഹി :സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ 97.8 ശതമാനം മാര്‍ക്ക് വാങ്ങി ഏവരേയും വിസ്മയിപ്പിച്ചൊരു ഭിന്നശേഷിക്കാരി. അനുഷ്‌ക പാന്താ എന്ന ഡല്‍ഹി സ്വദേശിനിയാണ് സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയില്‍ ഈ മിന്നുന്ന വിജയം കരസ്ഥമാക്കി രക്ഷിതാക്കളുടെയും അധ്യാപകരുടെയും അഭിമാനമായി മാറിയത്.

മാത്രമല്ല ഭിന്നശേഷിക്കാരുടെ വിഭാഗത്തിലെ റാങ്ക് ലിസ്റ്റില്‍ രാജ്യത്ത് ഒന്നാം സ്ഥാനക്കാരി കൂടിയാണ് ഈ കൊച്ചു മിടുക്കി. കണക്കിലും ഹിന്ദിയിലും 99 ശതമാനവും സയന്‍സിലും സോഷ്യല്‍ സയന്‍സിലും 98 ശതമാനവും ഇംഗ്ലീഷില്‍ 95 ശതമാനവും നേടിയാണ് ഈ കൊച്ചു മിടുക്കി താരമായത്. ഗുരുഗ്രാമിലെ സണ്‍സിറ്റി സ്‌കൂളിലായിരുന്നു അനുഷ്‌കയുടെ പഠനം.

‘മസ്‌കുലാര്‍ സ്‌പൈനല്‍ അട്രോഫി’ എന്ന രോഗാവസ്ഥയോട് കൂടിയായിരുന്നു അനുഷ്‌ക പിറന്നു വീണത്. നട്ടെല്ലിനെ ബാധിക്കുന്ന രോഗാവസ്ഥയായത് കൊണ്ട് തന്നെ വീല്‍ചെയറിലായി പിന്നീടുള്ള ജീവിതം. നട്ടെല്ലിനെ ചുറ്റി ഒരു വളയം ശരീരത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മണിക്കൂറുകളോളം നിവര്‍ന്ന് ഇരിക്കുക എന്നത് അനുഷ്‌കയ്ക്ക് ദുഷ്‌കരമായിരുന്നു.

എന്നിരുന്നാലും മണിക്കൂറുകളോളം അനുഷ്‌ക ഇത്തരത്തില്‍ ഇരുന്ന് പഠനത്തിനായി ചിലവഴിച്ചു. സ്‌കൂളില്‍ അനുഷ്‌കയ്ക്കായി പ്രത്യേക ഇരിപ്പിടം ഉണ്ടായിരുന്നു. ശാരീരകമായ വയ്യായ്മകള്‍ക്കിടയിലും ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച അധിക സമയം പോലും ഉപയോഗിക്കാതെ നിശ്ചിച സമയത്തിനുള്ളിലാണ് അനുഷ്‌ക എല്ലാ പരീക്ഷയും എഴുതി തീര്‍ത്തത്. പഠനത്തിന് പുറമേ നല്ല ഒരു പാട്ടുകാരി കൂടിയാണ് ഈ കൊച്ചു മിടുക്കി.

എന്നാല്‍ അക്കാഡമിക് രംഗത്താണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സംഗീതം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം മാത്രമാണെന്നും അനുഷ്‌ക പറയുന്നു. തന്റെ വിജയത്തില്‍ പിന്തുണ നല്‍കിയ ദൈവത്തിനും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും നന്ദി പറയാനും അനുഷ്‌ക മറന്നില്ല. ഗുരുഗ്രാമിലെ എംഎന്‍സി കമ്പനികളിലെ ജീവനക്കാരാണ് അനുഷ്‌കയുടെ മാതാപിതാക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here