‘സ്വപ്നം പോലും കാണാന്‍ മറന്ന മഹാഭാഗ്യം’

കൊച്ചി: പിഞ്ചു കുട്ടികളുടെ മരണത്തിനിടയാക്കിയ ഗൊരഖ്പൂര്‍ ദുരന്തത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലിലടക്കപ്പെട്ട കഫീല്‍ ഖാന്‍ കേരളത്തിലെത്തി. ഒരു സാമൂഹ്യ സംഘടന സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനാണ് ഇദ്ദേഹം കൊച്ചിയിലെത്തിയത്. ഡോ. കഫീല്‍ ഖാന് ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്.

കഴിഞ്ഞ മാസമാണ് അദ്ദേഹം ഈ കേസില്‍ ജാമ്യം ലഭിച്ച് ഗൊരഖ്പൂരിലെ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. മസ്തിഷ്‌കവീക്കത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പിഞ്ചു കുട്ടികള്‍ക്ക് ശ്വസിക്കാന്‍ സ്വന്തം പണം ഉപയോഗിച്ചായിരുന്നു ഇദ്ദേഹം പുറത്ത് നിന്നും ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചത്.

അധികൃതരുടെ അനാസ്ഥ മൂലമായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്ന ബിആര്‍ഡി ആശുപത്രിയില്‍ സിലിണ്ടറുകളുടെ അഭാവം ഉണ്ടായത്. എന്നാല്‍ ഇത് മറച്ച് പിടിക്കാനെന്നവണ്ണം ഭരണകൂടം ഇദ്ദേഹത്തെ അന്യായമായി തടവില്‍ പാര്‍പ്പിക്കുകയായിരുന്നു.

നീതി നിഷേധിക്കപ്പെട്ട് ,ജാമ്യം പോലും കിട്ടാതെ എട്ട് മാസത്തോളമാണ് ഇദ്ദേഹം ഗൊരഖ്പൂരിലെ ജയിലില്‍ കഴിച്ച് കൂട്ടിയത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയെങ്കിലും തിരിച്ച് ജോലിയില്‍ കയറുവാന്‍ വേണ്ടി സസ്പെന്‍ഷന്‍ നീക്കി കിട്ടുവാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അപേക്ഷിച്ച് കാത്ത് നില്‍ക്കുകയാണ് അദ്ദേഹം.

നിരവധി വിദേശ രാജ്യങ്ങളില്‍ നിന്ന് ഒട്ടനവധി അവസരങ്ങള്‍ തേടിയെത്തുമ്പോഴും ഗൊരഖ്പൂരിലെ കുഞ്ഞുങ്ങളെ വിട്ട് എങ്ങോട്ടുമില്ലെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം. സര്‍ക്കാര്‍ സസ്പെന്‍ഷന്‍ നീക്കി നല്‍കുന്നില്ലെങ്കില്‍, ഗൊരഖ്പൂരില്‍ സ്വന്തമായി ആശുപത്രി തുടങ്ങി കുട്ടികളെ ചികിത്സിക്കുമെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.

500 കിടക്കകളുള്ള ആശുപത്രിയാണ് അദ്ദേഹം ഗൊരഖ്പൂരില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ചികിത്സയും മരുന്നും സൗജന്യമായിരിക്കുമെന്നും അതിനായുള്ള ധനസമാഹരണത്തിന്റെ നീക്കങ്ങളിലാണെന്നും കഫീല്‍ ഖാന്‍ ചടങ്ങില്‍ വ്യക്തമാക്കി.

ഇദ്ദേഹത്തെ നേരിട്ട് കാണാന്‍ പറ്റിയ അനുഭവം വിവരിച്ച് യുവ ഡോക്ടര്‍മാരില്‍ ശ്രദ്ധേയയായ ഷിംന അസീസ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

സ്വപ്നം പോലും കാണാന്‍ മറന്ന മഹാഭാഗ്യം ഇന്നു സാധ്യമായി എന്നാണ് ഈ അനുഭവത്തെ ഷിംന തന്റെ പോസ്റ്റില്‍ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വെളുത്ത കുപ്പായത്തില്‍ അഴുക്ക് പുരട്ടിയ രാഷ്ട്രീയത്തെക്കുറിച്ചും മാധ്യമങ്ങളെ കുറിച്ചും വിശദമായി തന്നെ അദ്ദേഹം പ്രതിപാദിച്ചതായും ഷിംന വിവരിക്കുന്നു.

ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ പൊട്ടിക്കരഞ്ഞ് നെഞ്ചോട് ചേര്‍ത്ത് അമ്മയോട് അദ്ദേഹം പറഞ്ഞത്രേ ”നിങ്ങളുടെ മകന്‍ തിരിച്ചു വന്നിരിക്കുന്നു ഉമ്മീ… അന്ന് പോയ അറുപത് കുഞ്ഞുങ്ങള്‍ ഇനി തിരിച്ച് വരില്ലല്ലോ…”

തന്റെ സസ്‌പെന്‍ഷന്‍ തിരിച്ചെടുത്തില്ലെങ്കില്‍ ഇനിയും പിടഞ്ഞ് തീരാന്‍ സാധ്യതയുള്ള കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പൂര്‍ണമായും സൗജന്യ ചികിത്സയുള്ള ഒരു ആശുപത്രി തുടങ്ങണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നതായും യുവതി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഏറെ വികാരഭരിതയായാണ് ഷിംന തന്റെ അനുഭവം വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.

ഡോ. കഫീൽ ഖാനെ ഈ ആയുസ്സിൽ നേരിൽ കാണാൻ കഴിയുമെന്ന്‌ പ്രതീക്ഷിച്ചതല്ല. സ്വപ്‌നം പോലും കാണാൻ മറന്ന മഹാഭാഗ്യം ഇന്ന് സഫലമായി….

Shimna Azeezさんの投稿 2018年5月13日(日)

LEAVE A REPLY

Please enter your comment!
Please enter your name here